ക്ലബുമായുള്ള പ്രശ്നങ്ങൾ, യൂറോപ്പിലേക്ക് തന്നെ മടങ്ങാൻ ആഗ്രഹിച്ച് ഡാനി ആൽവെസ് !

ബ്രസീലിയൻ സൂപ്പർ താരം ഡാനി ആൽവെസ് കഴിഞ്ഞ വർഷമാണ് ബ്രസീലിയൻ ലീഗിൽ സാവോപോളോക്ക് വേണ്ടി കളിച്ചു തുടങ്ങിയത്.യൂറോപ്പിലെ കളി ജീവിതം അവസാനിപ്പിച്ചു കൊണ്ട് സ്വദേശമായ ബ്രസീലിൽ തന്നെ ശേഷിക്കുന്ന കരിയർ പൂർത്തിയാക്കാൻ ഈ സൂപ്പർ താരം തീരുമാനിക്കുകയായിരുന്നു. എന്നാലിപ്പോഴിതാ പുതിയ വാർത്തകൾ പ്രകാരം ഡാനി ആൽവെസ് യൂറോപ്പിലേക്ക് മടങ്ങി വരാൻ ആഗ്രഹിച്ചിരിക്കുകയാണ്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. ക്ലബ്ബിനകത്തും പുറത്തുമുള്ള പ്രശ്നങ്ങളാണ് താരത്തെ സാവോപോളോ വിടാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ടീമിൽ എത്തിയ താരത്തിന് 2022 ഡിസംബർ വരെ കരാർ അവശേഷിക്കുന്നുണ്ട്. മടങ്ങിവരവിൽ ആകെ മുപ്പത്തിയെട്ട് മത്സരങ്ങൾ കളിച്ച താരം എട്ട് ഗോളുകളും നേടിയിരുന്നു. എന്നാൽ ക്ലബ്ബിനകത്തുള്ള രാഷ്ട്രീയപരമായ പ്രശ്നങ്ങൾ താരത്തെ മടുപ്പിച്ചിരിക്കുകയാണ്. കൂടാതെ ക്ലബ്ബിന്റെ ആരാധകരുമായും താരത്തിന് പ്രശ്നങ്ങൾ ഉണ്ട്. പലപ്പോഴും ആരാധകരുടെ രൂക്ഷവിമർശനത്തിന് താരം ഇരയാവാറുണ്ട്.ഇതിനാലൊക്കെയാണ് താരം സാവോപോളോ വിടാൻ തീരുമാനിച്ചത്.

2019-ൽ പിഎസ്ജിയിൽ നിന്നാണ് താരം ബ്രസീലിലേക്ക് മടങ്ങിയത്. അതിന് മുമ്പ് ഒരു വർഷം യുവന്റസിലും താരം കളിച്ചിരുന്നു. എന്നാൽ താരത്തിന്റെ സുവർണ്ണകാലഘട്ടം ബാഴ്സയിൽ ആയിരുന്നു. ബാഴ്സക്ക് വേണ്ടി 391 മത്സരങ്ങൾ കളിച്ച താരം 21 ഗോളുകൾ നേടിയിട്ടുണ്ട്. കൂടാതെ ആറു ലാലിഗയും മൂന്ന് ചാമ്പ്യൻസ് ലീഗും നേടിയിട്ടുണ്ട്. ആകെ കൂടുതൽ കിരീടങ്ങൾ വാരിക്കൂട്ടിയ താരങ്ങളുടെ മുൻപന്തിയിൽ ഉള്ള താരമാണ് ആൽവെസ്. ബ്രസീലിന് വേണ്ടി 118 മത്സരങ്ങൾ കളിച്ച ആൽവെസ് കഴിഞ്ഞ വർഷം കോപ്പ അമേരിക്ക കിരീടനേട്ടത്തിലും പങ്കാളിത്തം വഹിച്ചിരുന്നു. യൂറോപ്പിലെ ഏതെങ്കിലും ക്ലബ്ബിൽ നിന്ന് ഓഫർ വരുമെന്ന പ്രതീക്ഷയിലാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *