ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈഡൻ ഹസാർഡും ഒരുമിക്കുമോ? അൽ നസ്സ്ർ പണി തുടങ്ങി!
ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിലൂടെ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ ക്ലബ്ബാണ് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ. റൊണാൾഡോ എത്തിയതോടുകൂടി അൽ നസ്സ്റിന്റെ പേരും പ്രശസ്തിയും ഇപ്പോൾ വാനോളം ഉയർന്നിട്ടുണ്ട്.മാത്രമല്ല കൂടുതൽ സൂപ്പർതാരങ്ങളെ ഇനി എത്തിക്കാൻ കഴിയും എന്നുള്ള പ്രതീക്ഷയും ഇപ്പോൾ അൽ നസ്സ്റിന് കൈ വന്നിട്ടുണ്ട്. അത്തരത്തിലുള്ള ശ്രമങ്ങൾക്ക് അവർ തുടക്കം കുറിക്കുകയും ചെയ്തിരുന്നു.
നിരവധി സൂപ്പർതാരങ്ങളെ അൽ നസ്സ്ർ ലക്ഷ്യം വെക്കുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകൾ ഇപ്പോൾ സജീവമാണ്.എങ്കോളോ കാന്റെ,സെർജിയോ റാമോസ്,ലുക്ക മോഡ്രിച്ച്,സെർജിയോ ബുസ്‌ക്കെറ്റ്സ് എന്നിവരുടെ പേരുകളൊക്കെ ഇതുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഉയർന്നു കേട്ടിരുന്നു. ഈ കൂട്ടത്തിലേക്ക് ഇപ്പോൾ പുതുതായി റയൽ മാഡ്രിഡിന്റെ ബെൽജിയൻ സൂപ്പർതാരമായ ഈഡൻ ഹസാർഡ് കൂടി എത്തിച്ചേർന്നിട്ടുണ്ട്. പ്രമുഖ മാധ്യമമായ ഫൂട്ട് മെർക്കാറ്റോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Al Nassr veut s’offrir Eden Hazard cet été ! ✍
— Foot Mercato (@footmercato) January 6, 2023
Eden Hazard à Al Nassr vous validez ? 🤨 pic.twitter.com/HyM6Q3HZIx
മുമ്പ് ഫ്രഞ്ച് ക്ലബ്ബായ ലില്ലിക്ക് വേണ്ടി ഒരുപാട് കാലം കളിച്ചിട്ടുള്ള താരം കൂടിയാണ് ഈഡൻ ഹസാർഡ്. അന്ന് അദ്ദേഹത്തെ പരിശീലിപ്പിച്ചിരുന്നത് റൂഡി ഗാർഷ്യയാണ്. നിലവിൽ റൂഡി ഗാർഷ്യ അൽ നസ്സ്റിനെയാണ് പരിശീലിപ്പിക്കുന്നത്.ഹസാർഡിനെ നന്നായി അറിയുന്ന ഇദ്ദേഹം അൽ നസ്സ്റിലേക്ക് ക്ഷണിച്ചുകൊണ്ട് നേരിട്ട് വിളിച്ചു എന്നും ഫൂട്ട് മെർക്കാറ്റോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വലിയ പ്രതീക്ഷകളോടുകൂടി ചെൽസിയിൽ നിന്നും റയലിൽ എത്തിയ ഹസാർഡിന് ഒട്ടും തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല പലപ്പോഴും പരിക്ക് അദ്ദേഹത്തെ അലട്ടുകയും ചെയ്തിരുന്നു. ഈ സീസണിൽ കേവലം 7 മത്സരങ്ങൾ മാത്രമാണ് റയലിന് വേണ്ടി ആകെ താരം കളിച്ചിട്ടുള്ളത്. പരിശീലകനായ ആഞ്ചലോട്ടിയുടെ പ്ലാനുകളിൽ അദ്ദേഹം ഇല്ല എന്നുള്ളതും വ്യക്തമാണ്.അത്കൊണ്ട് വരുന്ന സമ്മറിൽ അദ്ദേഹത്തെ ഒഴിവാക്കാനും റയൽ മാഡ്രിഡ് തയ്യാറാണ്.