കോച്ചുമായി ഉടക്കിൽ, അറ്റലാന്റ വിടുമെന്ന് പ്രഖ്യാപിച്ച് പപ്പു ഗോമസ് !

അറ്റലാന്റയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് അർജന്റൈൻ താരം അലെജാൻഡ്രോ പപ്പു ഗോമസ്. കഴിഞ്ഞ സീസണിലെ സിരി എയിലും ചാമ്പ്യൻസ് ലീഗിലും അറ്റലാന്റ നടത്തിയ കുതിപ്പുകൾക്ക് പിറകിൽ ഈ താരത്തിന്റെ പങ്ക് വളരെ വലുതാണ്. എന്നാൽ ഈ സീസണിൽ കാര്യങ്ങൾ അത്ര ശുഭകരമായ രീതിയിൽ അല്ല മുന്നോട്ട് പോവുന്നത്. തുടക്കത്തിൽ മികച്ച ഫോമിൽ കളിച്ച താരത്തിന് ഇപ്പോൾ അവസരങ്ങൾ ലഭ്യമല്ല. പരിശീലകനുമായി താരം ഉടക്കിലാണ് എന്നാണ് സൂചനകൾ. ഈ സീസണിൽ ഒമ്പത് സിരി എ മത്സരങ്ങൾ കളിച്ച പപ്പു ഗോമസ് നാലു ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിരുന്നു. എന്നാൽ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കിടയിൽ ഉണ്ടായ പ്രശ്നങ്ങൾ കാര്യങ്ങളെ ഗുരുതരമാക്കിയിരിക്കുകയാണിപ്പോൾ.മിഡ്‌ലാന്റിനെതിരെ നടന്ന മത്സരത്തിന്റെ നാല്പത്തിയാറാം മിനുട്ടിൽ താരത്തെ പരിശീലകൻ ജിയാൻ പിയറോ ഗാസ്പിറിനി പിൻവലിച്ചിരുന്നു. ഇത് താരത്തെ ദേഷ്യം പിടിപ്പിക്കുകയും കോച്ചുമായി തർക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു.

ഇതോടെ ഇതിന് ശേഷം നടന്ന രണ്ട് മത്സരങ്ങളിലും പരിശീലകൻ പപ്പു ഗോമസിനെ വെളിയിൽ ഇരുത്തുകയായിരുന്നു. ഇതോടെ താൻ ക്ലബ് വിടുമെന്ന് പപ്പു ഗോമസ് പ്രഖ്യാപിക്കുകയായിരുന്നു.അറ്റലാന്റ വിടുമെന്ന് താരം സാമൂഹികമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. അർജന്റൈൻ മാധ്യമമായ മുണ്ടോ ആൽബിസെലസ്റ്റയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. “എനിക്കിപ്പോൾ നിങ്ങളോട് പറയാനുള്ളത്, ഞാൻ ഈ ക്ലബ് വിട്ടു പോവുമ്പോൾ നിങ്ങൾ എല്ലാ സത്യവും അറിയുമെന്നുള്ളതാണ്. നിങ്ങൾക്ക്‌ എല്ലാവർക്കും എന്നെ അറിയാം, ഞാൻ എന്ന വ്യക്തിയെ അറിയാം. ഞാൻ നിങ്ങളെയെല്ലാം സ്നേഹിക്കുന്നു. നിങ്ങളുടെ ക്യാപ്റ്റൻ ” ഇതാണ് പപ്പു ഗോമസ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *