സൂപ്പർ താരത്തിന് പരിക്ക്,വേൾഡ് കപ്പിനൊരുങ്ങുന്ന അർജന്റീനക്ക് ആശങ്ക!

സിരി എയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ വമ്പൻമാരായ യുവന്റസിന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു യുവന്റസ് സാസുവോളോയെ പരാജയപ്പെടുത്തിയത്.ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങാൻ അർജന്റൈൻ സൂപ്പർതാരമായ ഡി മരിയക്ക് കഴിഞ്ഞിരുന്നു.

എന്നാൽ അതിനു പിന്നാലെ താരത്തിന് പരിക്കേൽക്കുകയും ചെയ്തു. മത്സരത്തിന്റെ 65-ആം മിനുട്ടിലാണ് പരിക്ക് മൂലം ഡി മരിയക്ക് കളം വിടേണ്ടി വന്നത്.അഡക്റ്റർ ഇഞ്ചുറിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. താരത്തിന് ഒരാഴ്ച്ച മുന്നേ തന്നെ അഡക്റ്റർ ഇഞ്ചുറയുടെ പ്രശ്നമുണ്ട് എന്നുള്ളത് യുവന്റസിന്റെ പരിശീലകനായ അല്ലെഗ്രി അറിയിക്കുകയും ചെയ്തിരുന്നു.

താരത്തിന്റെ പ്രാഥമിക പരിശോധനകൾ പൂർത്തിയായിട്ടുണ്ട്. 10 ദിവസത്തിനു ശേഷം വീണ്ടും പരിശോധനകൾ നടത്തുമെന്നാണ് യുവന്റസ് അറിയിച്ചിട്ടുള്ളത്. ക്ലബ്ബിന്റെ ഇനിയുള്ള ചില മത്സരങ്ങൾ താരത്തിന് നഷ്ടമാവും. പക്ഷേ അടുത്ത മാസം തുടക്കത്തിൽ തന്നെ ഡി മരിയക്ക് തിരിച്ചെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാൽ താരത്തിന്റെ പരിക്ക് ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത് വേൾഡ് കപ്പിന് ഒരുങ്ങുന്ന അർജന്റീനയുടെ ദേശീയ ടീമിനെയാണ്. അർജന്റീനയുടെ വളരെ പ്രധാനപ്പെട്ട പരിചയസമ്പന്നനായ താരമാണ് ഡി മരിയ. എന്നാൽ പിടിവിടാതെയുള്ള പരിക്കുകൾ എപ്പോഴും ഡി മരിയക്ക് തലവേദനയാണ്. കരിയറിൽ പലപ്പോഴും മസിൽ ഇഞ്ചുറികൾ ഡി മരിയക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.കൂടെ ഈ അഡക്റ്റർ ഇഞ്ചുറിയും ആശങ്ക വർധിപ്പിക്കുന്നു.

നവംബർ ഇരുപതാം തീയതിയാണ് വേൾഡ് കപ്പ് ആരംഭിക്കുന്നത്. അതിനു മുന്നേ താരം 100% ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് സ്‌കലോണിയുടെ കണക്ക് കൂട്ടലുകൾ. അല്ലാത്തപക്ഷം അർജന്റീനയുടെ പദ്ധതികളെ അത് ബാധിച്ചേക്കും. കഴിഞ്ഞ കോപ്പ അമേരിക്ക കലാശ പോരാട്ടത്തിൽ ബ്രസീലിനെതിരെ അർജന്റീനയുടെ വിജയഗോൾ നേടിയത് ഇതേ ഡി മരിയയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *