സൂപ്പർ താരങ്ങൾ കൈവിട്ടു, സിരി എയുടെ തിളക്കം കുറയുന്നു!

യുവന്റസിന്റെ കുത്തക അവസാനിപ്പിച്ചു കൊണ്ട് കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ സിരി എ കിരീടം നേടിയിരുന്നത് ഇന്റർ മിലാനായിരുന്നു. എന്നാൽ കിരീടം നേടിയെങ്കിലും അതൊന്നും ഇന്റർമിലാന്റെ പ്രശ്നങ്ങൾക്ക്‌ പരിഹാരമാകുന്ന ഒന്നായിരുന്നില്ല. എന്തെന്നാൽ ഇന്ററിനെ ഏറ്റവും കൂടുതൽ അലട്ടിയ പ്രശ്നം സാമ്പത്തികപ്രതിസന്ധിയായിരുന്നു. ഇന്റർ മിലാനെ മാത്രമല്ല, സിരി എ ക്ലബുകളെ എല്ലാം തന്നെ സാമ്പത്തികപ്രതിസന്ധി പിടിച്ചുലച്ചു. ബാക്കിയുള്ള ലീഗുകൾ എല്ലാം തന്നെ റിക്കവർ ചെയ്തു തുടങ്ങിയെങ്കിലും സിരി എക്ക്‌ അതിന് സാധിക്കുന്നില്ല എന്നാണ് പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം കണ്ടെത്തിയിരിക്കുന്നത്.

അത്കൊണ്ട് തന്നെയാണ് ലീഗിലെ പല സൂപ്പർ താരങ്ങളും ക്ലബുകളെ കൈവിട്ടു കൊണ്ട് മറ്റുള്ള ലീഗുകളിലേക്ക് ചേക്കേറിയത്. ഒരുപാട് മികച്ച താരങ്ങൾ കഴിഞ്ഞ സീസണിൽ സിരി എയിൽ നിന്ന് ഉയർന്നു വന്നെങ്കിലും പലരും ഈ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടുകയായിരുന്നു. അത്തരത്തിൽ സിരി എ വിട്ട ചില താരങ്ങളെ ഒന്ന് പരിശോധിക്കാം.

ഇന്റർമിലാന്റെ സൂപ്പർ സ്‌ട്രൈക്കർ ലുക്കാക്കു ക്ലബ് വിട്ടത് ഇന്ററിന് വൻ തിരിച്ചടിയാണ്. കഴിഞ്ഞ സീസണിൽ ഇന്ററിന് കിരീടം നേടികൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ലുക്കാക്കു സിരി എയിലെ MVP പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. എന്നാൽ 115 മില്യൺ യൂറോക്ക്‌ താരം ചെൽസിയിലേക്ക് ചേക്കേറുകയായിരുന്നു.

മറ്റൊരു താരം ഇന്ററിന്റെ തന്നെ അഷ്‌റഫ്‌ ഹാക്കിമിയാണ്. മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച താരത്തെ പിഎസ്ജിയാണ് സ്വന്തമാക്കിയത്.60 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി പിഎസ്ജി ചിലവഴിച്ചത്.

കഴിഞ്ഞ സിരി എയിലെ ഏറ്റവും മികച്ച ഡിഫൻഡറായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്റ്റ്യൻ റൊമേറോയും അറ്റലാന്റ വിട്ടിരുന്നു.50 മില്യൺ യൂറോക്ക്‌ ടോട്ടൻഹാമാണ് താരത്തെ റാഞ്ചിയത്.

മറ്റൊരു സൂപ്പർ താരമായ റോഡ്രിഗോ ഡി പോളും സിരി എ വിട്ടിരുന്നു.35 മില്യൺ യൂറോക്ക്‌ ഉഡിനസിൽ നിന്നും അത്ലറ്റിക്കോയാണ് താരത്തെ സ്വന്തമാക്കിയത്.

കൂടാതെ സിരി എയിലെ മികച്ച ഗോൾകീപ്പറായ ഡോണ്ണാരുമയും ക്ലബ്‌ വിട്ടിരുന്നു. എസി മിലാനിൽ നിന്ന് ഫ്രീ ഏജന്റായി കൊണ്ട് താരം പിഎസ്ജിയിലേക്കാണ് ചേക്കേറിയത്.

ഇതിന് പുറമേ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട ഡുസാൻ വ്ലഹോവിച്ചും ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. ഫിയോറെന്റിന താരത്തെ അത്ലറ്റിക്കോയാണ് റാഞ്ചാൻ ഒരുങ്ങുന്നത്. സിരി എയിൽ ഗോൾവേട്ടക്കാരനായ ക്രിസ്റ്റ്യാനോയും ക്ലബ് വിടാൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ള വാർത്തകൾ ഉണ്ടായിരുന്നു.

ചുരുക്കത്തിൽ സിരി എയുടെ തിളക്കം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. പല പ്രതിഭകളും ലീഗിനെ കയ്യൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു. പുതിയ ഇൻവെസ്റ്റേഴ്സ് വന്നു കൊണ്ട് സിരി എയെ ഉയർത്തേണ്ടത് അത്യാവശ്യമായ ഒരു സാഹചര്യമാണിത്.

Leave a Reply

Your email address will not be published. Required fields are marked *