ലൗറ്ററോയുടെ കഷ്ടകാലം തുടരുന്നു, ഇന്റർമിലാന് തോൽവി

കഴിഞ്ഞ കുറച്ചു മത്സരങ്ങളായി ഇന്റർമിലാന്റെ അർജന്റൈൻ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസിന് അത്ര നല്ല കാലമല്ല. പ്രത്യേകിച്ച് സിരി എ പുനരാരംഭിച്ച ശേഷം താരത്തിന്റെ ഫോമിന്റെ നിഴലിൽ പോലും എത്താൻ സാധിച്ചില്ല എന്നതാണ് സത്യം. ഇന്നലെയും അതാവർത്തിച്ചു. ലൗറ്ററോ മാർട്ടിനെസ് പെനാൽറ്റി പാഴാക്കിയപ്പോൾ ഇന്റർമിലാന് തോൽവി രുചിക്കേണ്ടി വന്നു. ഇന്നലെ നടന്ന മുപ്പതാം റൗണ്ട് പോരാട്ടത്തിൽ ബോലോഗ്‌നയാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്റർമിലാനെ അട്ടിമറിച്ചത്. ഒരു ഗോളിന്റെ ലീഡ് നേടിയ ശേഷമായിരുന്നു ഇന്റർ ജയം കളഞ്ഞുകുളിച്ചത്. ഇതോടെ മുപ്പത് മത്സരങ്ങളിൽ പത്തൊൻപത് ജയവുമായി 64 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ഇന്റർമിലാൻ. 63 പോയിന്റോടെ അറ്റ്ലാന്റ തൊട്ട് പിറകിലുണ്ട്.

മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനുട്ടിൽ ലുക്കാക്കുവാണ് ആദ്യഗോൾ നേടിയത്. ലൗറ്ററോയുടെ ഹെഡർ പോസ്റ്റിലിടിച്ച് മടങ്ങിവന്നപ്പോൾ തക്കം പാർത്തു നിന്ന ലുക്കാക്കു വലയിലെത്തിക്കുകയായിരുന്നു. ആദ്യപകുതിയിൽ ഈ ഗോളിന്റെ ലീഡോടെ ഇന്റർകളം വിട്ടു. രണ്ടാം പകുതിയിൽ 57-ആം മിനിറ്റിൽ ബോലോഗ്‌ന താരം സോറിയാനോ റെഡ് കാർഡ് കണ്ട് പുറത്തു പോയതോടെ ഇന്ററിന് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. 62-ആം മിനിറ്റിൽ ലൗറ്ററോ എടുത്ത പെനാൽറ്റി ബോലോഗ്‌ന കീപ്പർ തടുത്തിടുകയായിരുന്നു. 74-ആം മിനിറ്റിൽ ബോലോഗ്‌ന മുസയിലൂടെ സമനില നേടി. 77-ആം മിനിറ്റിൽ ഇന്റർ താരം ബാസ്റ്റനി രണ്ടാം യെല്ലോ കാർഡ് കൂടെ കണ്ടു പുറത്തുപോയതോടെ ഇരുഭാഗത്തും പത്ത് പേരായി ചുരുങ്ങി. എൺപതാം മിനുട്ടിൽ മുസ ഒരു തവണ കൂടി വലകുലുക്കിയപ്പോൾ ഇന്റർ പരാജയം രുചിക്കേണ്ടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *