റഫറിയെ വിമർശിച്ചു,മൊറിഞ്ഞോക്കും റോമക്കും പണി കിട്ടി!
കഴിഞ്ഞ ഡിസംബർ മൂന്നാം തീയതി ഇറ്റാലിയൻ ലീഗിൽ വച്ചുകൊണ്ട് നടന്ന മത്സരത്തിൽ വിജയം നേടാൻ റോമക്ക് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റോമ സാസുവോളോയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരം ഡിബാല ഒരു ഗോൾ നേടിയിരുന്നു. എന്നാൽ ആ മത്സരത്തിനു മുന്നേ റോമയുടെ പരിശീലകനായ ഹൊസേ മൊറിഞ്ഞോ നടത്തിയ സ്റ്റേറ്റ്മെന്റുകൾ വലിയ വിവാദമായിരുന്നു.
മത്സരത്തിലെ റഫറിയെ വിമർശിക്കുകയായിരുന്നു അദ്ദേഹം. ഈ മത്സരം നിയന്ത്രിക്കാൻ ആവശ്യമായ ഇമോഷണൽ സ്റ്റെബിലിറ്റി റഫറിക്കില്ല എന്നായിരുന്നു മൊറിഞ്ഞോ പറഞ്ഞിരുന്നത്. മാത്രമല്ല VAR റൂമിലുള്ള റഫറിയെയും ഇദ്ദേഹം വിമർശിച്ചിരുന്നു. അദ്ദേഹം ഉണ്ടാകുന്ന മത്സരങ്ങൾ എല്ലാം തന്നെ റോമക്ക് നിർഭാഗ്യം സംഭവിക്കുന്ന മത്സരങ്ങളാണെന്നും മൊറിഞ്ഞോ ആരോപിച്ചിരുന്നു. ഇത് പിന്നീട് വലിയ വിവാദമായതോടുകൂടി FIGC ഇക്കാര്യത്തിൽ ശിക്ഷാനടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
Mourinho to donate Serie A fine to charity https://t.co/xmJ6buHTbP
— RomaPress (@ASRomaPress) December 16, 2023
അതായത് 40000 പൗണ്ട് പിഴയായി കൊണ്ട് ചുമത്തുകയായിരുന്നു. ഈ തുക മൊറിഞ്ഞോയും റോമയും ചേർന്നു കൊണ്ടാണ് അടക്കേണ്ടത്. ഈ തുക ചാരിറ്റിക്ക് വേണ്ടിയാണ് ഉപയോഗപ്പെടുത്തുക എന്നതും FIGC അറിയിച്ചിട്ടുണ്ട്. എന്നാൽ വിലക്കുകൾ ഒന്നും ലഭിച്ചിട്ടില്ല എന്നത് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒരു കാര്യമാണ്. പലപ്പോഴും ഇത്തരത്തിലുള്ള വിവാദങ്ങളിൽ അകപ്പെടാറുള്ള ഒരു പരിശീലകൻ കൂടിയാണ് മൊറിഞ്ഞോ.
ഇതിന് സമാനമായ ഒരു സംഭവം ഇന്ത്യൻ സൂപ്പർ ലീഗിൽ ഈയിടെ നടന്നിരുന്നു.റഫറിയെ വിമർശിച്ചതിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് സസ്പെൻഷനും പിഴയും ലഭിച്ചത്. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം ക്ലബ്ബിനോടൊപ്പം ഉണ്ടായിരുന്നില്ല. ഏതായാലും റഫറിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിവാദങ്ങളും ലോകത്തിന്റെ നാനാഭാഗങ്ങളിലും ഒരുപോലെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്.