യുവന്റസ് വിടണം, പിഎസ്ജിയുമായി ചർച്ചക്കൊരുങ്ങി ക്രിസ്റ്റ്യാനോയുടെ ഏജന്റ് !

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിഎസ്ജിയിലേക്ക് ചേക്കേറാൻ ആഗ്രച്ചിരുന്നുവെന്നും എന്നാൽ കോവിഡ് പ്രതിസന്ധി മൂലം എല്ലാ പദ്ധതികളും താറുമാറായതോടെ താരം ആഗ്രഹം ഉപേക്ഷിച്ചുവെന്നുള്ള വാർത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. ഫ്രഞ്ച് മാധ്യമമായ ഫ്രാൻസ് ഫുട്ബോൾ ആയിരുന്നു റൊണാൾഡോയുടെ ഈ പദ്ധതി വെളിപ്പെടുത്തിയിരുന്നത്. എന്നാൽ ഇത് കേവലമൊരു മീഡിയ ട്രിക്ക് മാത്രമാണ് എന്നാണ് യുവന്റസ് ചീഫ് അറിയിച്ചത്. ഇതിന് പിന്നാലെയിതാ താരം പിഎസ്ജിയിലേക്ക് എന്ന തരത്തിലുള്ള വാർത്തകളുടെ കുത്തൊഴുക്കാണ്. മറ്റൊരു പ്രമുഖമാധ്യമമായ ഫൂട്ട്മെർകാറ്റോയെ ഉദ്ധരിച്ചു കൊണ്ടാണ് ഇപ്പോൾ ഈ വാർത്തകൾ ട്രാൻസ്ഫർ ലോകത്ത് സജീവമാകുന്നത്. താരത്തിന്റെ ഏജന്റ് ആയ ജോർജെ മെൻഡസ് പിഎസ്ജി ഡയറക്ടർ ലിയനാർഡോയുമായി ഇത് സംബന്ധിച്ച ചർച്ചകൾ നടത്തുമെന്നാണ് ഫൂട്ട്മെർക്കാറ്റൊ പുറത്ത് വിട്ടിരിക്കുന്നത്.

ഫുട്ബോൾ അഭ്യൂഹങ്ങൾ നൽകുന്ന ഫൂട്ട്മെർകാറ്റോയുടെ വാർത്തയുടെ ആധികാരികതയിൽ ചെറിയ സംശയമുണ്ടെങ്കിലും മാധ്യമങ്ങൾ ഒക്കെ തന്നെയും ഈ വാർത്ത ഏറ്റെടുത്തു കഴിഞ്ഞു. ഇത് പ്രകാരം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടങ്ങൾ നടക്കുന്ന ലിസ്ബണിൽ വെച്ചാണ് താരത്തിന്റെ ഏജന്റും പിഎസ്ജി ഡയറക്ടറും തമ്മിൽ നേരിട്ട് ചർച്ച നടത്തുക. യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് പുറത്താവലാണ് ക്രിസ്റ്റ്യാനോയെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. സിരി എ മാത്രം കഷ്ടിച്ച് നേടിയ യുവന്റസിന്റെ പ്രകടനം ഈ സീസണിൽ പരിതാപകരമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *