യുവന്റസ് കേവലമൊരു മിഡ്‌-ടേബിൾ ടീം മാത്രമാണെന്ന് അംഗീകരിക്കൂ : അലെഗ്രി

ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ യുവന്റസ് മറ്റൊരു തോൽവി കൂടി വഴങ്ങിയിരുന്നു. ഹെല്ലസ് വെറോണയായിരുന്നു 2-1 എന്ന സ്കോറിന് യുവന്റസിനെ കീഴടക്കിയത്.ഈ സിരി എയിൽ യുവന്റസ് വഴങ്ങുന്ന നാലാം തോൽവിയാണിത്. ഇതിനോടകം തന്നെ 15 ഗോളുകളും യുവന്റസ് വഴങ്ങി കഴിഞ്ഞിട്ടുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോയുടെ അഭാവം യുവന്റസിനെ ബാധിക്കുന്നുണ്ട് എന്നുള്ള കാര്യത്തിൽ സംശയമില്ല.

ഏതായാലും യുവന്റസ് കേവലമൊരു ശരാശരി ടീം മാത്രമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ പരിശീലകനായ മാസ്സിമിലിയാനോ അലെഗ്രി. യുവന്റസ് ഒരു മിഡ്‌-ടേബിൾ ടീം ആണ് എന്ന യാഥാർഥ്യം അംഗീകരിക്കൂ എന്നാണ് അലെഗ്രി അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ സമയത്ത് പറയുന്ന കാര്യങ്ങളൊക്കെ അർത്ഥമില്ലാത്തതാവും.ഞങ്ങൾ ഒരു മോശം സാഹചര്യത്തിലാണ് ഉള്ളത്.നിലവിൽ ഞങ്ങൾ ഒരു മിഡ്‌-ടേബിൾ ടീം മാത്രമാണ് എന്നുള്ള യാഥാർഥ്യം അംഗീകരിക്കേണ്ടിയിരിക്കുന്നു. ഈയൊരു സാഹചര്യത്തിൽ നിന്നും എത്രയും പെട്ടെന്ന് പുറത്തു കടക്കേണ്ടതുണ്ട്.ഞങ്ങൾ തന്നെയാണ് അതിന് ശ്രമിക്കേണ്ടത്.ക്ഷമ ചോദിച്ചത് കൊണ്ടൊന്നും കാര്യമുണ്ടാവുമെന്ന് തോന്നുന്നില്ല. ഞങ്ങൾക്ക് എന്താണ് വേണ്ടത് അതിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഇതിൽ നിന്നും പുറത്ത് കടക്കാൻ ഞങ്ങൾക്ക്‌ സാധിക്കും ” അലെഗ്രി പറഞ്ഞു.

യുവന്റസിലേക്ക് തിരിച്ചെത്തിയ അലെഗ്രിക്ക്‌ കാര്യങ്ങൾ ഒട്ടും എളുപ്പമല്ല.നിലവിൽ 15 പോയിന്റ് മാത്രമുള്ള യുവന്റസ് ഒൻപതാം സ്ഥാനത്താണ്. റൊണാൾഡോയുടെ ഗോളുകളുടെ കുറവ് നിലവിൽ യുവന്റസ് അനുഭവിക്കുന്നുണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം.

Leave a Reply

Your email address will not be published. Required fields are marked *