യുവന്റസിന്റെ പരിശീലകനായി, പിർലോ പെട്ടുവെന്ന് ഗട്ടൂസോ !

യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായ യുവന്റസ് തങ്ങളുടെ പരിശീലകൻ മൗറിസിയോ സാറിയെ ഉടൻ തന്നെ പുറത്താക്കിയിരുന്നു. തുടർന്ന് ഇതിഹാസതാരം ആന്ദ്രേ പിർലോയെ പരിശീലകസ്ഥാനത്തേക്ക് നിയോഗിക്കുകയും ചെയ്തു. ഇതാദ്യമായാണ് പിർലോ ഒരു സീനിയർ ടീമിന്റെ പരിശീലകനായി ചുമതലയേൽക്കുന്നത്. മാത്രമല്ല വലിയ ഒരു പരിശീലനപരിചയവും താരത്തിനില്ല. ഈയൊരു അവസരത്തിൽ പിർലോക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് നിലവിലെ നാപോളി പരിശീലകനും പിർലോയുടെ മുൻ സഹതാരവുമായിരുന്ന ഗട്ടൂസോ. മികച്ച കളിക്കാരനായി എന്നുള്ളതിനാൽ മികച്ച പരിശീലകനാവാൻ കഴിയുമെന്ന വ്യാമോഹം വേണ്ട എന്നാണ് ഗട്ടൂസോ മുന്നറിയിപ്പ് നൽകിയത്. വളരെ പ്രയാസകരമായ ജോലിയാണ് പരിശീലകസ്ഥാനമെന്നും കളത്തിൽ കളിക്കുന്നതും പരിശീലിപ്പിക്കുന്നതും രണ്ടും രണ്ട് ലോകമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഗട്ടൂസോയുടെ നാപോളി കഴിഞ്ഞ ദിവസം ബാഴ്സയോട് തോറ്റു കൊണ്ട് പുറത്തായിരുന്നു.

” നല്ലത്.. അദ്ദേഹമിപ്പോൾ പെട്ടുപോയിരിക്കുകയാണ്. അതാണ് ഈ ജോലിയുടെ പ്രത്യേകത. തീർച്ചയായും യുവന്റസിനൊപ്പം തുടങ്ങാനായതിൽ അദ്ദേഹം ഭാഗ്യവാനാണ്. പക്ഷെ ഈ പ്രൊഫഷനിൽ തിളങ്ങാൻ മികച്ച കളിക്കാരനായി എന്ന കാര്യം മാത്രം പോരാ. തീർച്ചയായും നിങ്ങൾക്ക് ഉറക്കം നഷ്ടപ്പെടും, നന്നായി പഠിക്കേണ്ടി വരും, നന്നായി കഠിനാദ്ധ്യാനം ചെയ്യേണ്ടി വരും ഒരു കളിക്കാരനാവുക എന്നുള്ളതും ഒരു പരിശീലകനാവുക എന്നുള്ളതും ഒന്നല്ല. രണ്ടും രണ്ട് തരത്തിൽ ഉള്ളതാണ്. തീർച്ചയായും ഇത് വ്യത്യസ്ഥമായ പ്രൊഫഷനാണ്. കേവലം പുസ്തകങ്ങളിൽ നിന്ന് മാത്രം ഇതിനെ പഠിക്കാനാവില്ല. വളരെയധികം കഠിനാദ്ധ്യാനം ചെയ്യേണ്ടി വരും. ഇത് വ്യത്യസ്തമായ ഒരു ലോകമാണ് ” ഗട്ടൂസോ സ്കൈ സ്പോർട്സ് ഇറ്റാലിയയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *