മുപ്പതു പിന്നിട്ട റൊണാൾഡോ മാരകപ്രഹരശേഷിയുള്ളവനായി, ഇത് പ്രായം കൂടുംതോറും വീര്യം കൂടുന്ന മുതലെന്ന് കണക്കുകൾ !

കഴിഞ്ഞ ദിവസം സ്വീഡനെതിരെ ഇരട്ടഗോളുകൾ നേടിക്കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകഫുട്ബോളിൽ മറ്റൊരു ഐതിഹാസികനേട്ടം കൂടി സ്വന്തം പേരിൽ കുറിച്ചിരുന്നു. ഒരു മുപ്പത്തിയഞ്ചുവയസ്സുകാരന്റെ തളർച്ചയോ മനോഭാവമോ അല്ല ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നമുക്ക് കാണാനാവുക. മറിച്ച് ഇരുപതുകാരന്റെ ചുറുചുറുക്കും കരുത്തുമാണ് ആ മനുഷ്യനിൽ നമുക്ക് ദർശിക്കാനാവുക. ഇത് തന്നെയാണ് അദ്ദേഹം നേടിയ ഗോളുകളും കിരീടങ്ങളും സംസാരിക്കുന്നത്. മുപ്പത് വയസ്സിന് ശേഷം അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങളാണ് റൊണാൾഡോ സ്വന്തം കരിയറിൽ കുറിച്ചിട്ടുള്ളത്. മുപ്പത്തിയഞ്ചുവയസ്സായ, അദ്ദേഹത്തിന്റെ സമപ്രായക്കാരിൽ പലരും ഇപ്പോൾ ചൈനയിലോ മിഡിൽ ഈസ്റ്റിലോ കരിയറിന്റെ അവസാനകാലഘട്ടമായി തള്ളിനീക്കുമ്പോൾ റൊണാൾഡോ അങ്ങനെയല്ല. കൂടുതൽ ഊർജ്ജസ്വലനായി ഓരോ ദിവസവും തന്റെ പ്രകടനം മെച്ചപ്പെടുത്തി കൊണ്ടിരിക്കുന്നു. ഈ സീസണിൽ യുവന്റസിന് വേണ്ടി 37 ഗോളുകളാണ് റൊണാൾഡോ അടിച്ചു കൂട്ടിയത്. മുപ്പത് വയസ്സിന് ശേഷമുള്ള താരത്തിന്റെ പ്രകടനം ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്.

റൊണാൾഡോ മുപ്പത് വയസ്സാവുന്നതിന് മുമ്പ് പോർച്ചുഗലിന് വേണ്ടി 118 മത്സരങ്ങളിൽ നിന്ന് 52 ഗോളുകളായിരുന്നു നേടിയിരുന്നത്. എന്നാൽ അതിന് ശേഷം റൊണാൾഡോ 47 മത്സരങ്ങളിൽ നിന്ന് 49 ഗോളുകളാണ് അടിച്ചു കൂട്ടിയിരുന്നത്. അതായത് മുപ്പത് വയസ്സുകാരനായ റൊണാൾഡോ അതിന് ശേഷം മാരകപ്രഹരശേഷിയുള്ള ആയുധമായി മാറുകയായിരുന്നു. തീർന്നില്ല, കേവലം ഈ അഞ്ച് വർഷങ്ങൾ കൊണ്ട് റൊണാൾഡോ തകർത്തത് പോർച്ചുഗൽ ഇതിഹാസങ്ങളായ പൗലേറ്റ, യുസേബിയോ, ഫിഗോ എന്നിവർ ഓരോരുത്തരും കരിയറിൽ പോർച്ചുഗലിന് വേണ്ടി നേടിയ ആകെ ഗോളുകളുടെ എണ്ണമായിരുന്നു. ഇനി ആകെ കണക്കുകൾ എടുത്ത് നോക്കിയാൽ മുപ്പത് വയസ്സിന് ശേഷം റൊണാൾഡോ അടിച്ചു കൂട്ടിയത് 276 ഗോളുകളാണ്.

റയൽ മാഡ്രിഡിൽ ആയിരുന്ന കാലത്ത് ക്ലബ്ബിനും രാജ്യത്തിനുമായി അൻപതിൽ പരം ഗോളുകൾ ഓരോ സീസണിലും റൊണാൾഡോ നേടുമായിരുന്നു.കിരീടങ്ങളുടെ കാര്യത്തിലും സ്ഥിതി ഇത് തന്നെ. മൂന്ന് ചാമ്പ്യൻസ് ലീഗുകൾ, രണ്ട് ബാലൺ ഡിയോറുകൾ, രണ്ട് ഫിഫ വേൾഡ് കപ്പ്, ഒരു യുവേഫ സൂപ്പർ കപ്പ്, രണ്ട് സിരി എ, ഒരു ഇറ്റാലിയൻ സൂപ്പർ കപ്പ്, ഒരു സ്പാനിഷ് സൂപ്പർ കപ്പ്, ഒരു യുറോ കപ്പ്, ഒരു നേഷൻസ് ലീഗ് ട്രോഫി എന്നിവ മുപ്പത് വയസ്സ് പിന്നിട്ടതിന് ശേഷം റൊണാൾഡോ നേടിയതാണ് എന്നോർക്കണം. ചുരുക്കം പറഞ്ഞാൽ 2018-ൽ റയൽ മാഡ്രിഡിന്റെ സ്റ്റാഫ് വെളിപ്പെടുത്തിയത് തന്നെയാണ് സത്യം. അന്ന് മുപ്പത്തിമൂന്ന് വയസ്സായ റൊണാൾഡോ ഇരുപത്തിമൂന്നുകാരന്റെ ശരീരത്തോടെയാണ് കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *