ബ്രസീലിയൻ താരം യുവന്റസ് വിടുന്നു, നോട്ടമിട്ട് പിഎസ്ജിയും സെവിയ്യയും!

ഈ സീസണിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ലാത്ത താരമാണ് യുവന്റസിന്റെ ബ്രസീലിയൻ താരം ആർതർ.കേവലം എട്ട് മത്സരങ്ങളിൽ മാത്രമാണ് ആർതർ ഈ സീസണിൽ യുവന്റസിനായി കളിച്ചിട്ടുള്ളത്. നാല് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും നാല് സിരി എ മത്സരങ്ങളുമാണ് ആർതർ കളിച്ചിട്ടുള്ളത്.

ഇതുകൊണ്ട് തന്നെ ആർതർ യുവന്റസിൽ അസംതൃപ്തനാണ്. ഈ ജനുവരിയിൽ ആർതർ ലോൺ അടിസ്ഥാനത്തിൽ ക്ലബ് വിടാൻ സാധ്യതയുണ്ട് എന്നുള്ള കാര്യം അദ്ദേഹത്തിന്റെ ഏജന്റ് അറിയിച്ചിരുന്നു.ഇതിന് പിന്നാലെ സ്പാനിഷ് വമ്പൻമാരായ സെവിയ്യ താരത്തെ കോൺടാക്ട് ചെയ്തെന്നും റിപ്പോർട്ട്‌ ഉണ്ട്. പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്‌പോർട് ആണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

അതേസമയം പിഎസ്ജിയും താരത്തിന് വേണ്ടി രംഗത്തുണ്ട്. ഒരുപക്ഷെ മൗറോ ഇക്കാർഡിയെ ഉൾപ്പെടുത്തിയുള്ള ഒരു സ്വേപ് ഡീലിനായിരിക്കും പിഎസ്ജി ശ്രമിക്കുക എന്നാണ് അറിയാൻ കഴിയുന്നത്.കൂടാതെ ലാസിയോ, ബയേൺ, ലിവർപൂൾ എന്നിവർക്കൊക്കെ ആർതറിൽ താല്പര്യമുണ്ടെന്നും ഇവർ കൂട്ടിച്ചേർക്കുന്നുണ്ട്. എന്നാൽ നിലവിൽ സെവിയ്യയാണ് ഇക്കൂട്ടരിൽ മുൻപന്തിയിൽ ഉള്ളത്.

2020-ൽ പ്യാനിക്കിനെ ഉൾപ്പെടുത്തിയുള്ള സ്വേപ് ഡീലിലായിരുന്നു ആർതർ എഫ്സി ബാഴ്സലോണയിൽ നിന്നും യുവന്റസിൽ എത്തിയത്. എന്നാൽ യുവന്റസിൽ മികവിലേക്ക് ഉയരാൻ താരത്തിന് സാധിച്ചിരുന്നില്ല. മാത്രമല്ല,ഈയിടെ പരിശീലനത്തിന് വൈകിയെത്തിയ കാരണത്താൽ താരത്തെ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *