ബാഴ്സക്കെതിരെ കളി നടന്നില്ല,കൂലിബലിയുടെ വിലകുറക്കണമെന്നാവിശ്യപ്പെട്ട് മുൻ സിറ്റി താരം !

എഫ്സി ബാഴ്സലോണയോട് കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ 3-1 നായിരുന്നു നാപോളി പരാജയമറിഞ്ഞത്. മത്സരത്തിൽ സുവാരസ് നേടിയ ഗോൾ പെനാൽറ്റിയിലൂടെയായിരുന്നു. മാത്രമല്ല ഈ പെനാൽറ്റി വഴങ്ങിയത് നാപോളി ഡിഫൻഡർ കാലിദൗ കൂലിബലിയായിരുന്നു. ബാഴ്സക്കെതിരെ താരതമ്യേന മോശം പ്രകടനമാണ് താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. മെസ്സിയുടെ മുന്നേറ്റങ്ങൾക്ക് തടയിടാൻ ചുമതലയേൽപ്പിക്കപ്പെട്ടിരുന്ന കൂലിബലിക്ക് അതിന് സാധിക്കാതെ പോവുകയായിരുന്നു. ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ വലിയ ചർച്ചയാവാനൊരുങ്ങുന്ന താരമാണ് കൂലിബലി. താരത്തിനു വേണ്ടി ഏറ്റവും കൂടുതൽ രംഗത്തുള്ളത് മാഞ്ചസ്റ്റർ സിറ്റിയാണ്. കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, പിഎസ്ജി എന്നിവരൊക്കെ തന്നെയും താരത്തിനു പിന്നാലെയുണ്ട്.

താരത്തിന്റെ മോശം പ്രകടനത്തോടെ കൂലിബലിയുടെ വിലകുറക്കണമെന്ന ആവിശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ മാഞ്ചസ്റ്റർ സിറ്റി താരം. സിറ്റിയുടെ മുൻ ഡിഫൻഡർ ആയ മൈക റിച്ചാർഡ്‌സ് ആണ് ഈ ആവിശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. 20 മില്യൺ യുറോ താരത്തിന്റെ വിലയിൽ നിന്നും കുറക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവിശ്യം. 81 മില്യൺ യുറോയാണ് താരത്തിന് വേണ്ടി നിലവിൽ നാപോളി ആവിശ്യപ്പെടുന്ന തുക. താരം സിറ്റിയിൽ എത്തിയാൽ തിളങ്ങാൻ കഴിയില്ലെന്നും മുൻപ് മങ്കാലയേ എത്തിച്ച അവസ്ഥ ആയിരിക്കും സിറ്റിക്ക് എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. 2014-ൽ ആയിരുന്നു മങ്കാലയെ സിറ്റി അഞ്ച് വർഷത്തെ കരാറിൽ എത്തിച്ചത്. എന്നാൽ താരത്തിന് ഫോം കണ്ടെത്താനാവാതെ പോവുകയായിരുന്നു.

” ബാഴ്സയ്ക്കെതിരായ അദ്ദേഹത്തിന്റെ പ്രകടനം തൃപ്തി നൽകാത്ത ഒന്നാണ്. എല്ലാവരും അദ്ദേഹത്തിന്റെ സമ്മർദ്ദമില്ലാത്ത കളിയെ പറ്റി പുകഴ്ത്തുന്നു. അദ്ദേഹം അഗ്രസീവായ താരമാണ്. എന്നാൽ മങ്കാലയുമായി അദ്ദേഹത്തിന് ഒരുപാട് സാമ്യതകൾ ഉണ്ട്. സിറ്റി അദ്ദേഹത്തെ ഇവിടെ എത്തിച്ചാൽ അദ്ദേഹത്തിന് തിളങ്ങാൻ കഴിയില്ല. തീർച്ചയായും അദ്ദേഹത്തിന്റെ പ്രകടനം എനിക്ക് തൃപ്തി നൽകാത്ത ഒന്നാണ് ” റിച്ചാർഡ്‌സ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *