ഫ്രീ ഏജന്റാവും,ഡിബാല യുവന്റസ് വിടുമെന്നുറപ്പായി!

യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരം പൗലോ ഡിബാലയുടെ ക്ലബുമായുള്ള കരാർ ഈ സീസണോട് കൂടിയാണ് അവസാനിക്കുക.ഈ കരാർ പുതുക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ നിരവധി അഭ്യൂഹങ്ങൾ നിലനിന്നിരുന്നു.ഇപ്പോഴിതാ ഡിബാല ഫ്രീ ഏജന്റായി കൊണ്ട് ക്ലബ് വിടുമെന്നുള്ള കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.പ്രമുഖ മാധ്യമമായ സ്കൈ സ്പോർട്സ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം ഡിബാലയുടെ ഏജന്റും യുവന്റസ് ക്ലബ് അധികൃതരും രണ്ട് മണിക്കൂറിലേറെ സമയം ചർച്ചകൾ നടത്തിയിരുന്നു.ഈ ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് ഡിബാല നീങ്ങിയത്. കഴിഞ്ഞ ഒക്ടോബറിൽ യുവന്റസ് താരത്തിന് പുതിയ ഒരു ഓഫർ നൽകിയിരുന്നു.10 മില്യൺ യുറോ വാർഷിക സാലറിയുള്ള 2026 വരെയുള്ള കരാറായിരുന്നു ഓഫർ ചെയ്തിരുന്നത്.ഇത് സ്വീകരിക്കാൻ ഡിബാല ഒരുങ്ങിയിരുന്നുവെങ്കിലും യുവന്റസ് തന്നെ ഓഫർ പിൻവലിക്കുകയായിരുന്നു.പിന്നീട് ക്ലബ് നൽകിയ ഓഫറിനോട് ഡിബാലക്ക് യോജിക്കാൻ കഴിയാതെ പോവുകയായിരുന്നു.

28-കാരനായ താരം ഏഴ് വർഷം ചിലവഴിച്ചതിനു ശേഷമാണ് യുവന്റസ് വിടാനുള്ള തീരുമാനമെടുക്കുന്നത്.2015-ൽ പാലെർമോയിൽ നിന്നായിരുന്നു താരം യുവന്റസിൽ എത്തിയത്.ആ സീസണിൽ യുവന്റസിന് വേണ്ടി ആകെ 23 ഗോളുകൾ നേടാൻ താരത്തിന് സാധിച്ചു.ഈ സീസണിൽ പലപ്പോഴും പരിക്കുകൾ താരത്തെ അലട്ടിയിരുന്നു.പക്ഷെ 13 ഗോളുകൾ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

യുവന്റസിനോടൊപ്പം 5 സിരി എ കിരീടങ്ങൾ താരം സ്വന്തമാക്കിയിട്ടുണ്ട്.കൂടാതെ 4 കോപ ഇറ്റാലിയ ട്രോഫികളുമുണ്ട്. ഏതായാലും താരം വരുന്ന സമ്മറിൽ എങ്ങോട്ട് ചേക്കേറുമെന്നുള്ളത് വ്യക്തമല്ല.മുമ്പ് ടോട്ടൻഹാമും മാഞ്ചസ്റ്റർ യുണൈറ്റഡുമൊക്കെ താരത്തിനു വേണ്ടി രംഗത്തുണ്ടായിരുന്നു. അതേസമയം വരുന്ന വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിൽ ഡിബാലയെ സ്‌കലോണി ഉൾപ്പെടുത്തിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *