പ്രായത്തിൽ കാര്യമില്ല,ഇനിയുമൊരുപാട് വർഷം കളിക്കണം, പോർച്ചുഗല്ലിനൊപ്പം വേൾഡ് കപ്പും നേടണം, ക്രിസ്റ്റ്യാനോ പറയുന്നു !

ആത്മവിശ്വാസത്തിന്റെ മറുവാക്കാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. താരത്തിന്റെ ശുഭാപ്തിവിശ്വാസവും കഠിനാധ്വാനവും തന്നെയാണ് താരത്തെ എപ്പോഴും ഫുട്ബോൾ ലോകത്തിന്റെ നെറുകയിൽ അഭിരമിച്ചിരുത്തുന്നത്. എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ക്രിസ്റ്റ്യാനോ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. മുപ്പത്തിയാറിന്റെ പടിവാതിൽക്കലെത്തിയിട്ടും റൊണാൾഡോയുടെ ആഗ്രഹം ഇനിയുമൊരുപാട് വർഷം കളിക്കണമെന്നാണ്. പ്രായത്തിൽ കാര്യമില്ലെന്നും മനസ്സ് എങ്ങനെയിരിക്കുന്നു എന്നതിലാണ് കാര്യമെന്നുമാണ് റൊണാൾഡോ പറയുന്നത്. കൂടാതെ പോർച്ചുഗല്ലിനോടൊപ്പം വേൾഡ് കപ്പ് കിരീടം നേടണമെന്നും അതിനിപ്പോഴും സാധ്യതകൾ ഉണ്ടെന്നും ആത്മവിശ്വാസത്തോടെ റൊണാൾഡോ കൂട്ടിച്ചേർത്തു. ഗ്ലോബ് സോക്കർ അവാർഡ് സ്വീകരിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ക്രിസ്റ്റ്യാനോ.

” പ്രായത്തിൽ കാര്യമില്ല. നിങ്ങളുടെ മനസ്സിൽ എന്താണോ അതാണ് പ്രധാനപ്പെട്ടത്. ക്രിസ്റ്റ്യാനോ മികച്ചവനാണ് എന്നുള്ളതിലും കാര്യമില്ല. എന്തെന്നാൽ നാളെ എന്ത് സംഭവിക്കുമെന്ന് പറയാൻ സാധിക്കില്ല. ഞാൻ ഈ നിമിഷത്തിലാണ് ജീവിക്കുന്നത്. ഇപ്പോൾ നല്ല രീതിയിലാണ് കഴിഞ്ഞു പോവുന്നത്. സന്തോഷവാനാണ്. എന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളാണിത്. ഇനിയുമൊരുപാട് വർഷം കളിക്കാനാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പക്ഷെ അത്‌ സാധ്യമാവുമോ എന്നറിയില്ല. കാരണം ഇത് ഫുട്ബോൾ ആണ്. ഇവിടെ നാളെയെന്ത്‌ സംഭവിക്കുമെന്ന് ഒരാൾക്കും പറയാൻ സാധിക്കില്ല. യുവതാരങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുന്ന ആ നിമിഷങ്ങൾ എല്ലാം തന്നെ ഞാൻ നന്നായി ആസ്വദിക്കാറുണ്ട്. എന്റെ ഭാവി ശോഭനീയമാവുമെന്ന് ഞാൻ കരുതുന്നു. ഞാൻ സന്തോഷവാനാണ്. പോർച്ചുഗല്ലിനോടൊപ്പം ഒരു വേൾഡ് കപ്പ് നേടണമെന്നുള്ളത് ഇപ്പോഴും എന്റെ സ്വപ്നമാണ്. അത്‌ സാധ്യമാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ക്രിസ്റ്റ്യാനോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *