പിൻവലിച്ചതിനെ തുടർന്ന് ക്ഷുഭിതനായി ലൗറ്ററോ, വിശദീകരണവുമായി കോന്റെ !

ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ കരുത്തരായ ഇന്റർമിലാൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജനോവയെ കീഴടക്കിയിരുന്നു. മത്സരത്തിൽ റൊമേലു ലുക്കാക്കു, ഡാനിലോ ഡി ആംബ്രോസിയോ എന്നിവരായിരുന്നു ഗോൾ നേടിയത്. മത്സരത്തിന്റെ 72-ആം മിനുട്ടിൽ സൂപ്പർ താരം ലൗറ്ററോ മാർട്ടിനെസിനെ പരിശീലകൻ കോന്റെ പിൻവലിച്ചിരുന്നു. എന്നാൽ സബ്സ്റ്റിറ്റൂട്ട് ചെയ്തതിന് ശേഷം ലൗറ്ററോ മാർട്ടിനെസ് ദേഷ്യപ്പെടുന്നതാണ് കാണാനായത്. സൈഡ് ബെഞ്ചിൽ എത്തിയ ശേഷം ദേഷ്യത്തോടെ സീറ്റിൽ മൂന്നാലു തവണ ഇടിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഈ സംഭവത്തിന് പിന്നീട് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പരിശീലകൻ കോന്റെ. താനുമായി ഒരു പ്രശ്നവും ലൗറ്ററോക്കില്ലെന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്. കളത്തിലുള്ള ചില പ്രശ്നങ്ങൾ ആയിരിക്കാം താരത്തെ ചൊടിപ്പിച്ചത് എന്നാണ് കോന്റെ പറഞ്ഞത്.

” ലൗറ്ററോക്ക് എന്താണ് സംഭവിച്ചത് എന്നെനിക്കറിയില്ല. അദ്ദേഹം അവിടെ ഇടിച്ചു എന്നുള്ളത് മറ്റുള്ളവർ എന്നോട് പറഞ്ഞു. പക്ഷെ സത്യസന്ധമായി പറഞ്ഞാൽ അദ്ദേഹത്തിന് എന്നോട് ദേഷ്യമൊന്നുമില്ല എന്നാണ് ഞാൻ കരുതുന്നത്. എനിക്ക് ലൗറ്ററോയുമായി നല്ല ബന്ധമാണ് ഉള്ളത്. എനിക്ക് തോന്നുന്നത് അതിന് മുമ്പ് കളത്തിൽ എന്തെങ്കിലും സംഭവിച്ചിരിക്കാം. അതായിരിക്കും താരത്തെ ചൊടിപ്പിച്ചത്. എനിക്കെപ്പോഴും താരങ്ങൾക്ക് ഏറ്റവും മികച്ചത് നൽകുക എന്നാണ് വേണ്ടത്. ഞാൻ ഏതായാലും ലൗറ്ററോയുടെ സാഹചര്യം ഒന്ന് വിലയിരുത്തുന്നുണ്ട്. തീർച്ചയായും അദ്ദേഹം മികച്ച ഒരു വ്യക്തിയാണ് “കോന്റെ മത്സരശേഷം പറഞ്ഞു. കഴിഞ്ഞ മൂന്ന് മത്സരമായി ഇന്ററിന് വേണ്ടി വലകുലുക്കാൻ ലൗറ്ററോക്ക് സാധിച്ചിട്ടില്ല. അതിന്റെ ദേഷ്യമാണ് താരം പിൻവലിച്ച ഉടനെ തീർത്തത് എന്നാണ് ആരാധകരുടെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *