പരിക്ക് : കഷ്ടകാലമൊഴിയാതെ ഡിബാല!
യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരം പൌലോ ഡിബാലക്ക് കഷ്ടകാലമൊഴിയുന്നില്ല. ഈ വരുന്ന പുതിയ സീസണിൽ താരത്തിന്റെ ഭാഗത്തു നിന്ന് ഒരു പുതുപുത്തൻ തുടക്കം പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിരാശജനകമായ വാർത്തകളാണിപ്പോൾ പുറത്ത് വരുന്നത്. ഡിബാലയെ വീണ്ടും പരിക്ക് അലട്ടുകയാണ്.താരത്തിന് മസിൽ ഇഞ്ചുറി പിടിപെട്ടതായി ഫുട്ബോൾ ഇറ്റാലിയ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.താരത്തിന്റെ ഇടത് തുടക്കാണ് അസ്വസ്ഥതകൾ അനുഭവപ്പെടുന്നത്. പ്രീ സീസണുമായി ബന്ധപ്പെട്ട പരിശീലനത്തിൽ ഡിബാലക്ക് പങ്കെടുക്കാൻ സാധിച്ചിട്ടില്ല എന്ന് മാത്രമല്ല സെസെനക്കെതിരെ നടക്കുന്ന സൗഹൃദമത്സരവും താരത്തിന് നഷ്ടമാവും. എന്നിരുന്നാലും ഉടൻ തന്നെ താരം തനിച്ച് പരിശീലനം ആരംഭിക്കുമെന്നാണ് യുവന്റസ് പ്രതീക്ഷിക്കുന്നത്.
Paulo Dybala’s pre-season with Juventus has not started on the right foot, as he already has a muscular injury https://t.co/zKSq6hL5IE #Juventus
— footballitalia (@footballitalia) July 21, 2021
കഴിഞ്ഞ സീസണിലെ ഒരുപാട് മത്സരങ്ങൾ ഡിബാലക്ക് പരിക്ക് മൂലം നഷ്ടമായിരുന്നു.കേവലം 26 മത്സരങ്ങൾ മാത്രമാണ് കഴിഞ്ഞ സീസണിൽ താരം യുവന്റസിന് വേണ്ടി കളിച്ചിട്ടുള്ളത്. മാത്രമല്ല, ഫോമിലേക്കുയരാൻ ഡിബാലക്ക് കഴിഞ്ഞതുമില്ല.അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളും മാത്രമാണ് താരത്തിന് കഴിഞ്ഞ സിരി എയിൽ നേടാനായത്.അടുത്ത വർഷമാണ് ഡിബാലയുടെ യുവന്റസുമായുള്ള കരാർ അവസാനിക്കുന്നത്. താരത്തിന്റെ ഭാവി ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല.കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇഴഞ്ഞു നീങ്ങുകയാണ്. അതേസമയം ഡിബാലയെ വിൽക്കുമെന്നുള്ള റൂമറുകളും സജീവമാണ്.2015-ൽ നാല്പത് മില്യൺ യൂറോക്കായിരുന്നു ഡിബാല യുവന്റസിൽ എത്തിയത്.അല്ലെഗ്രി തിരിച്ചെത്തിയതോടെ താരത്തെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുമെന്നുള്ള പ്രത്യാശയാണ് നിലവിൽ ആരാധകർ വെച്ച് പുലർത്തുന്നത്.