ഡിബാല ക്ലബുമായി കരാറിൽ എത്തിയോ? നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ച് ഇന്റർ ഡയറക്ടർ!

യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാല ഈ സീസണോട് കൂടി ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. നിലവിൽ ഒരു പുതിയ ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഡിബാലയുള്ളത്. മറ്റൊരു ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനുമായി ഡിബാല കരാറിൽ എത്തി എന്നുള്ള കാര്യം പല പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഇന്റർ മിലാന്റെ ഡയറക്ടറായ ബെപ്പെ മറോട്ട കരാറിൽ എത്തിയ കാര്യം നിരസിച്ചിട്ടുണ്ട്. ഇരു പാർട്ടികൾക്കും ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.മറോട്ടയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ ഡിബാലയുടെ പ്രതിനിധികളുമായി സംസാരിച്ചിരുന്നു എന്നുള്ള കാര്യം ഞാൻ നിരസിക്കുന്നില്ല.പക്ഷേ ഇതുവരെ ഞങ്ങൾ തമ്മിൽ ഒരു കരാറിൽ എത്തിയിട്ടില്ല. ഞങ്ങൾ ഒരുപാട് താരങ്ങളെ ലക്ഷ്യമിടുന്നുണ്ട്. അതിലൊരു താരമാണ് ഡിബാല.പക്ഷേ ഞങ്ങൾക്ക് ഒരു ധാരണയിൽ എത്തണമെങ്കിൽ ഇരു പാർട്ടികളും ഒരേ ദിശയിൽ എത്തിച്ചേരേണ്ടതുണ്ട് ” ഇതാണ് ഇന്റർ ഡയറക്ടർ പറഞ്ഞിട്ടുള്ളത്.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദീകരണങ്ങൾ സ്കൈ സ്പോട്ട് ഇറ്റാലിയ ഇപ്പോൾ നൽകിയിട്ടുണ്ട്.അതായത് കഴിഞ്ഞ 10 ദിവസമായി ഡിബാലയുടെ കാര്യത്തിൽ ഇന്റർ മിലാൻ ചർച്ചകൾ ഒന്നും നടത്തിയിട്ടില്ല.താരത്തിന്റെ കാര്യത്തിലുള്ള നീക്കങ്ങൾ നിശ്ചലമായി കിടക്കുകയാണ്.സൂപ്പർ താരം ലുക്കാക്കുവിന്റെ വരവാണ് കാര്യങ്ങളെ ഈ രീതിയിലേക്ക് മാറ്റിയിട്ടുള്ളത്.

ലുക്കാക്കുവിന് പുറമെ ലൗറ്ററോ മാർട്ടിനസ്,അലക്സിസ് സാഞ്ചസ്,സെക്കോ,വോക്കിൻ കൊറേയ എന്നിവർ ഇന്ററിന്റെ മുന്നേറ്റനിരയിലുണ്ട്. ഇതിൽ ഒന്നോ രണ്ടോ താരങ്ങൾ ക്ലബ്ബ് വിട്ടാൽ പോലും ഡിബാലയെ ഇന്ററിന് അത്യാവശ്യമായി വരില്ല എന്നുള്ളതാണ് വസ്തുത. മാത്രമല്ല 7 മില്യൺ യുറോയാണ് സാലറിയായി കൊണ്ട് ഡിബാല ആവശ്യപ്പെടുന്നത്.ഇക്കാര്യത്തിലും ഇന്ററിന് വിയോജിപ്പുണ്ട്.ഇതുകൊണ്ടൊക്കെയാണ് ഇപ്പോൾ കാര്യങ്ങൾ നിശ്ചലമായിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *