ഡിബാല കരുതിയത് അവൻ പുതിയ മെസ്സിയാണ് എന്നാണ് : അലെഗ്രി!
യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാല ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. ഈ മാസം മുപ്പതിനാണ് അദ്ദേഹത്തിന്റെ കരാർ അവസാനിക്കുക. ഈ കരാർ പുതുക്കില്ല എന്നുള്ളത് നേരത്തെ വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ ഡിബാലക്ക് യുവന്റസ് യാത്രയപ്പ് നൽകുകയും ചെയ്തിരുന്നു.
ഏതായാലും ഡിബാലക്ക് വിനയായ കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് യുവന്റസിന്റെ പരിശീലകനായ മാസിമിലിയാനോ അലെഗ്രി ഇപ്പോൾ വിശദീകരിച്ചിട്ടുണ്ട്. അതായത് ഒരു ഘട്ടത്തിൽ ഡിബാല കരുതിയത് അവൻ പുതിയ മെസ്സിയാണെന്നും, മെസ്സിയെ അനുകരിക്കാൻ ശ്രമിച്ചതാണ് ഡിബാലക്ക് തിരിച്ചടിയായത് എന്നുമാണ് അലെഗ്രി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) June 1, 2022
“ഡിബാല ചെയ്യേണ്ടത് ഡിബാലയിലേക്ക് തന്നെ തിരിച്ചു പോവുക എന്നുള്ളതാണ്. താൻ പുതിയ മെസ്സിയാണ് എന്ന് ഡിബാല ധരിച്ചു വെച്ചിരിക്കുന്ന ഒരു സന്ദർഭമുണ്ടായിരുന്നു. നിങ്ങൾക്ക് ഒരിക്കലും ഒരാളെ പോലെയാവാനോ അനുകരിക്കാനോ സാധിക്കില്ല. അദ്ദേഹത്തിന് ഫുട്ബോളിന് വേണ്ടി ഒരുപാട് ഇനിയും നൽകാനുണ്ട്. അസാധാരണമായ സാങ്കേതിക മികവുകൾ ഡിബാലക്കുണ്ട്.അദ്ദേഹം മുമ്പ് എങ്ങനെയായിരുന്നുവോ അതിലേക്ക് തിരിച്ചു പോവാനാണ് ഡിബാല ശ്രമിക്കേണ്ടത് ” ഇതാണ് അലെഗ്രി പറഞ്ഞിട്ടുള്ളത്.
ഡിബാല എങ്ങോട്ട് ചേക്കേറുമെന്നുള്ളത് ഇപ്പോഴും ഉറപ്പായിട്ടില്ല.293 മത്സരങ്ങൾ യുവന്റസിന് വേണ്ടി കളിച്ച താരം 115 ഗോളുകൾ നേടിയിട്ടുണ്ട്.