ഗോളുമായി ക്രിസ്റ്റ്യാനോ, നാപോളിയെ കീഴടക്കി കിരീടം ചൂടി യുവന്റസ് !

ഇന്നലെ നടന്ന സൂപ്പർ കപ്പ് ഇറ്റാലിയാനയുടെ ഫൈനലിൽ നാപോളിയെ തകർത്തെറിഞ്ഞ് യുവന്റസ് കിരീടം ചൂടി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുവന്റസ് നാപോളിയെ കീഴടക്കിയത്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, അൽവാരോ മൊറാറ്റ എന്നിവരാണ് ഗോളുകൾ നേടിയത്. നാപോളിയുടെ അതിശക്തമായ വെല്ലുവിളിയെ അതിജീവിച്ചാണ് യുവന്റസ് കിരീടം ചൂടിയത്. പരിശീലകൻ ആൻഡ്രിയ പിർലോയുടെ കോച്ച് ആയിട്ടുള്ള ആദ്യ കിരീടനേട്ടമാണിത്. അതേസമയം ഗട്ടൂസോയുടെ നാപോളിക്ക്‌ കിരീടം നഷ്ടപ്പെടാനായിരുന്നു വിധി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ കിട്ടിയ അവസരങ്ങൾ യുവന്റസ് മുതലെടുക്കുകയായിരുന്നു. സിരി എയിൽ വേണ്ടത്ര മികച്ച പ്രകടനം കാഴ്ച്ചവെക്കാത്ത യുവന്റസിന് ആശ്വാസമേകുന്നതാണ് ഈ കിരീടനേട്ടം.

ക്രിസ്റ്റ്യാനോ, കുലുസെവ്സ്ക്കി എന്നിവരാണ് മുന്നേറ്റത്തെ നയിച്ചത്. ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ സാധിച്ചില്ല. എന്നാൽ 64-ആം മിനുട്ടിൽ നാപോളിയുടെ പൂട്ടിനെ റൊണാൾഡോ ഭേദിച്ചു. കോർണർ കിക്കിൽ നിന്നും വീണു കിട്ടിയ ബോൾ റൊണാൾഡോ വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. 80-ആം മിനുട്ടിൽ സമനില നേടാൻ നാപോളിക്ക്‌ സുവർണ്ണാവസരം ലഭിച്ചു. എന്നാൽ ലഭിച്ച പെനാൽറ്റി ലോറെൻസോ ഇൻസൈൻ പുറത്തേക്കടിച്ച് പാഴാക്കുകയായിരുന്നു. 95-ആം മിനുട്ടിലാണ് യുവന്റസിന്റെ വിജയഗോൾ വരുന്നത്. ക്വഡ്രാഡോ നടത്തിയ കൌണ്ടർ അറ്റാക് ഒരു പിഴവും കൂടാതെ മൊറാറ്റ വലയിൽ എത്തിക്കുകയായിരുന്നു. ഇതോടെ നാപോളി കിരീടം അടിയറവ് വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *