ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിൽക്കുന്നത് പരിഗണിക്കാൻ യുവന്റസ്!

യുവന്റസിനെ സംബന്ധിച്ചിടത്തോളം മോശം പ്രകടനമാണ് ഈ സീസണിൽ നടത്തി കൊണ്ടിരിക്കുന്നത്. ഒരിക്കൽ കൂടി അവർ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പരാജയപ്പെട്ടു. മാത്രമല്ല കഴിഞ്ഞ ഒമ്പത് വർഷമായി നേടികൊണ്ടിരിക്കുന്ന സിരി എ കിരീടം ഇത്തവണ ലഭിക്കുമോ എന്നുറപ്പില്ല. ഏതായാലും തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടറിൽ പോലും എത്താനാവാതെയാണ് യുവന്റസ് മടങ്ങുന്നത്. ഇത് ടീമിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കും. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിൽക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ യുവന്റസ് പരിഗണിച്ചെക്കുമെന്നാണ് റിപ്പോർട്ടുകൾ. മീഡിയസെറ്റിനെ ഉദ്ദരിച്ചു കൊണ്ട് എഎസ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. കൂടാതെ ഫാബ്രിസിയോ റൊമാനൊയും ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപക്ഷെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിൽക്കുന്നത് യുവന്റസ് പരിഗണിച്ചെക്കുമെന്നാണ് വാർത്തകൾ.

നിലവിൽ 2022 വരെയാണ് റൊണാൾഡോയുടെ കരാറുള്ളത്.2018-ലായിരുന്നു താരം നൂറ് മില്യൺ യൂറോക്ക് യുവന്റസിലെത്തിയത്.മാത്രമല്ല 54 മില്യൺ യൂറോയും സാലറിയിനത്തിൽ യുവന്റസ് റൊണാൾഡോക്ക് നൽകുന്നുണ്ട്. പ്രധാനമായും ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ടാണ് യുവന്റസ് റൊണാൾഡോ തട്ടകത്തിലെത്തിച്ചത്. എന്നാൽ അതിനുള്ള ഫലം ഇതുവരെ യുവന്റസിന് ലഭിച്ചിട്ടില്ല.അത്കൊണ്ട് തന്നെ വേജ് ബിൽ കുറക്കുക എന്ന ഉദ്ദേശത്തോടെയായിരിക്കും യുവന്റസ് താരത്തെ ഈ സമ്മറിൽ വിൽക്കാൻ ശ്രമിക്കുക.60 മില്യൺ യൂറോയെങ്കിലും ലഭിക്കണം എന്ന നിലപാട് ആയിരിക്കും യുവന്റസ് കൈക്കൊള്ളുക. പിഎസ്ജി, മാഞ്ചസ്റ്റർ യുണൈറ്റഡ്, സിറ്റി, എംഎൽഎസ് ക്ലബുകൾ എന്നിവർ രംഗത്ത് വരുമെന്നാണ് യുവന്റസ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ക്രിസ്റ്റ്യാനോ ഇനി സ്പോർട്ടിങ് ലിസ്ബണിലേക്ക് മടങ്ങുമെന്നും വാർത്തകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *