ക്രിസ്റ്റ്യാനോ എവിടെ കളിയവസാനിപ്പിക്കും? താരം പറഞ്ഞ കാര്യം വെളിപ്പെടുത്തി നാനി!
ക്രിസ്റ്റ്യാനോയും അദ്ദേഹത്തിന്റെ മുൻ സഹതാരമായ നാനിയും തമ്മിലുള്ള ചില സാമ്യതകൾ നമുക്ക് കാണാൻ സാധിക്കും.പോർച്ചുഗൽ ദേശീയ ടീമിൽ ഒരുമിച്ച് കളിച്ച ഇരുവരും സ്പോർട്ടിങ് ലിസ്ബണിലൂടെയായിരുന്നു കരിയർ ആരംഭിച്ചിരുന്നത്. പിന്നീട് ഇരുവരും അലക്സ് ഫെർഗൂസണിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തി.2007 മുതൽ 2009 വരെ യുണൈറ്റഡിന് വേണ്ടി ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്. പിന്നീട് റൊണാൾഡോ റയലിലേക്ക് ചേക്കേറുകയായിരുന്നു. പക്ഷേ ഇരുവരും സിരി എയിലും പന്ത് തട്ടിയിട്ടുണ്ട്. നാനി മുമ്പ് ലാസിയോക്ക് വേണ്ടി കളിച്ചപ്പോൾ ക്രിസ്റ്റ്യാനോ നിലവിൽ യുവന്റസ് താരമാണ്. നാനിയാവട്ടെ എംഎസ്എല്ലിലെ ഒർലാണ്ടോ സിറ്റിക്ക് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.2019 മുതലാണ് ഈ 34-കാരനായ താരം എംഎൽഎസ്സിൽ കളിക്കാൻ ആരംഭിച്ചത്. ഏതായാലും റൊണാൾഡോ തന്റെ പാത പിന്തുടർന്ന് എംഎൽഎസ്സിൽ എത്താൻ സാധ്യതയുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ നാനി. ഇക്കാര്യം റൊണാൾഡോ തന്നെ മുമ്പ് തന്നോട് സൂചിപ്പിച്ചിരുന്നു എന്നാണ് നാനി ഇഎസ്പിഎന്നിനോട് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Nani: “Ronaldo told me that he will probably end up playing in America”https://t.co/0cQH06jUBT
— JuveFC (@juvefcdotcom) August 18, 2021
” ഒരുപക്ഷെ താൻ അമേരിക്കയിലായിരിക്കും തന്റെ കളി അവസാനിപ്പിക്കുക എന്നുള്ള കാര്യം കുറച്ച് വർഷങ്ങൾക്ക് മുമ്പ് റൊണാൾഡോ എന്നോട് പറഞ്ഞിരുന്നു. പക്ഷേ അക്കാര്യത്തിൽ അദ്ദേഹത്തിന് നൂറ് ശതമാനം ഉറപ്പില്ല.പക്ഷേ അത് സംഭവിക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്.തീർച്ചയായും എംഎൽഎസ് ഒരു മികച്ച ലീഗാണ്.പക്ഷേ ചില പോയിന്റുകളിൽ ഇപ്പോഴും പുരോഗതി പ്രാപിക്കാനുണ്ട്.താരങ്ങളുടെ ക്വാളിറ്റി വർധിക്കേണ്ടതുണ്ട്.നല്ല മികച്ച ടീമുകൾ ഇവിടെയുണ്ട്.ഒരുപാട് മികച്ച താരങ്ങളും പരിശീലകരുമൊക്കെ ഇവിടെയുണ്ട്.ഓരോ സീസൺ കൂടുംതോറും കാര്യങ്ങൾ മെച്ചപ്പെട്ടു വരുന്നതാണ് നിങ്ങൾക്ക് കാണാൻ സാധിക്കുക.ഒരു മഹത്തായ ചാമ്പ്യൻഷിപ് ആയി മാറാനുള്ള എല്ലാ കണ്ടീഷനുകളും ഇവിടെയുണ്ട്.കാരണം ഒരു മഹത്തായ രാജ്യത്താണ് നമ്മൾ ഉള്ളത്. അത്കൊണ്ട് തന്നെ പേടിക്കേണ്ട കാര്യമൊന്നുമില്ല,പതിയെ പതിയെ കാര്യങ്ങൾ മെച്ചപ്പെടും ” നാനി പറഞ്ഞു. യുവന്റസുമായി ഒരു വർഷത്തെ കരാർ അവശേഷിക്കുന്ന ക്രിസ്റ്റ്യാനോ അതിന് ശേഷം എന്ത് തീരുമാനം എടുക്കുമെന്നുള്ളത് അവ്യക്തമായ കാര്യമാണ്.