ക്രിസ്റ്റ്യാനോ എന്ന് തിരികെയെത്തും, യുവന്റസ് വൈസ് പ്രസിഡന്റ്‌ പറയുന്നു!

യൂറോ കപ്പിൽ പോർച്ചുഗല്ലിനൊപ്പം ചിലവഴിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ അവധി ആഘോഷത്തിലാണ്. യൂറോയിൽ പോർച്ചുഗല്ലിന് വലിയ മുന്നേറ്റങ്ങളൊന്നും ഉണ്ടാക്കാൻ സാധിച്ചിരുന്നില്ലെങ്കിലും അഞ്ച് ഗോളുകളും ഒരു അസിസ്റ്റും നേടിക്കൊണ്ട് യൂറോയിലെ ടോപ് സ്കോററാവാൻ ക്രിസ്റ്റ്യാനോക്ക്‌ കഴിഞ്ഞിരുന്നു. ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടില്ലെന്നും അദ്ദേഹം യുവന്റസിൽ തന്നെ തുടരുമെന്നും ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് യുവന്റസിന്റെ വൈസ് പ്രസിഡന്റായ പവൽ നെദ്വേദ്. കൂടാതെ അവധി ആഘോഷം കഴിഞ്ഞ് റൊണാൾഡോ എന്ന് ടീമിനൊപ്പം ചേരുമെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ പ്രീ സീസണുമായി ബന്ധപ്പെട്ട് യുവന്റസ് പരിശീലനം ആരംഭിച്ചിട്ടുണ്ട്.ഫുട്ബോൾ ഇറ്റാലിയയാണ് നെദ്വേദിന്റെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

” റൊണാൾഡോ ഇപ്പോൾ ഹോളിഡേയിലാണ്.അദ്ദേഹം യുവന്റസ് വിടുന്നതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള യാതൊരു വിധ സൂചനകളും അദ്ദേഹം നൽകിയിട്ടില്ല.ഞങ്ങൾ അദ്ദേഹത്തെ കാത്തിരിക്കുകയാണ്.ജൂലൈ 25-ന് മുമ്പായി അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് ” ഇതാണ് നെദ്വേദ് പറഞ്ഞത്.

അതേസമയം യുവന്റസ് ലക്ഷ്യമിടുന്ന സൂപ്പർ താരം മാനുവൽ ലോക്കാടെല്ലിയെ കുറിച്ചും നെദ്വേദ് സൂചനകൾ നൽകിയിട്ടുണ്ട്. ” ഇതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ചർച്ചകൾ നടത്താൻ ഇനിയും നമുക്ക് മുന്നിൽ സമയമുണ്ട്.യൂറോയുടെ ഇടയിൽ അദ്ദേഹത്തെ ശല്യപ്പെടുത്താൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല ” ഇതാണ് ലോക്കാടെല്ലിയെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ഏതായാലും 36-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ വരുന്ന സീസണിലും തന്റെ മിന്നുന്ന പ്രകടനം തുടരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *