ക്രിസ്റ്റ്യാനോയുടെ പകരക്കാരൻ, യുവന്റസ് പരിഗണിക്കുന്നത് ഈ മൂന്നിലൊരാളെ!

ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിനെ സംബന്ധിച്ചിടത്തോളം ഒരു മോശം സീസണാണ് ഈ കഴിഞ്ഞു പോയത്. കുറേ വർഷമായി തങ്ങൾ കൈവിശം വെച്ചിരുന്ന സിരി എ കിരീടം യുവന്റസിന് നഷ്ടമായിരുന്നു. കൂടാതെ ചാമ്പ്യൻസ് ലീഗിൽ വലിയ മുന്നേറ്റമൊന്നും ഉണ്ടാക്കാൻ യുവന്റസിന് സാധിച്ചിരുന്നില്ല എന്ന് മാത്രമല്ല അടുത്ത ചാമ്പ്യൻസ് ലീഗിനുള്ള യോഗ്യത അവസാന നിമിഷമാണ് യുവന്റസിന് ലഭിച്ചത്. ഇതുകൊണ്ടൊക്കെ തന്നെയും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ സജീവമാണ്. താരത്തിന് ഒരു വർഷത്തെ കരാർ കൂടി അവശേഷിക്കുന്നുണ്ടെങ്കിലും ഈ സമ്മറിൽ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ക്രിസ്റ്റ്യാനോ ചേക്കേറാൻ സാധ്യതയുണ്ട് എന്നതാണ് ചില മാധ്യമങ്ങളുടെ കണ്ടെത്തൽ. അങ്ങനെ സംഭവിക്കുകയാണെങ്കിൽ താരത്തിന്റെ സ്ഥാനത്തേക്ക് മൂന്ന് പേരെയാണ് യുവന്റസ് പരിഗണിക്കുന്നത്.ഗബ്രിയേൽ ജീസസ്, മൗറോ ഇകാർഡി, ഡുസാൻ വ്ലഹോവിച്ച് എന്നിവരിൽ ഒരാളെയായിരിക്കും ക്രിസ്റ്റ്യാനോയുടെ പകരക്കാരനായി കൊണ്ട് യുവന്റസ് ടീമിലെത്തിക്കുക.

മാഞ്ചസ്റ്റർ സിറ്റിയുടെ സ്ട്രൈക്കറായ ഗബ്രിയേൽ ജീസസ് നിലവിൽ ബ്രസീലിയൻ ടീമിനൊപ്പമാനുള്ളത്. സിറ്റിയുടെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിരസാന്നിധ്യമാവാൻ ഇതുവരെ ജീസസിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല കൂടുതൽ സ്ട്രൈക്കർമാരെ ടീമിൽ എത്തിക്കാൻ സിറ്റി ശ്രമിക്കുന്നതിനാൽ ജീസസ് ക്ലബ് വിടാനുള്ള സാധ്യതയുണ്ട്.

പിഎസ്ജിയുടെ അർജന്റൈൻ സ്ട്രൈക്കറായ മൗറോ ഇകാർഡിയാണ് യുവന്റസിന്റെ അടുത്ത ലക്ഷ്യം. കഴിഞ്ഞ സീസണിലായിരുന്നു 60 മില്യൺ യൂറോ നൽകി കൊണ്ട് പിഎസ്ജി താരത്തെ സ്ഥിരമാക്കിയത്. ലോണിൽ എത്തിയ സമയത്ത് മികച്ച രൂപത്തിൽ ഇകാർഡി കളിച്ചിരുന്നുവെങ്കിലും കഴിഞ്ഞ സീസണിൽ താരത്തിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. അത്കൊണ്ട് തന്നെ താരത്തെ ഒഴിവാക്കാൻ പിഎസ്ജി ആലോചിക്കുന്നുണ്ട്. മുമ്പ് ഇന്ററിന് വേണ്ടി സിരി എയിൽ ഗോളടിച്ചു കൂട്ടിയതിനാൽ താരത്തിന്റെ കാര്യത്തിൽ യുവന്റസിന് സംശയമില്ല.

മറ്റൊരു താരം ഡുസാൻ വ്ലഹോവിച്ചാണ്.ഈ കഴിഞ്ഞ സീസണിൽ ഫിയോറെന്റിനക്ക് വേണ്ടി മാസ്മരിക പ്രകടനം നടത്താൻ സാധിച്ച താരമാണ് വ്ലഹോവിച്ച്.സിരി എയിൽ പതിമൂന്നാം സ്ഥാനത്താണ് ഫിയോറെന്റിന ഫിനിഷ് ചെയ്തതെങ്കിലും 21 വയസുകാരനായ താരം 21 ഗോളുകളാണ് അടിച്ചു കൂട്ടിയത്. അത്കൊണ്ട് തന്നെ താരവും തങ്ങൾക്ക് അനുയോജ്യമാവുമെന്ന കണ്ടെത്തലിലാണ് യുവന്റസ്. ഏതായാലും ക്രിസ്റ്റ്യാനോ ക്ലബ് വിട്ടാലായിരിക്കും യുവന്റസ് ഇവരെ പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *