ക്രിസ്റ്റ്യാനോയുടെ ഉപദേശങ്ങൾ ലഭിച്ചു, ഒരു ദിവസം അദ്ദേഹത്തെ പോലെയാവാൻ കഴിയുമെന്ന് പ്രതീക്ഷ : ബ്രസീലിയൻ താരം
ഈ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസ് സ്വന്തമാക്കിയ ബ്രസീലിയൻ താരമാണ് കായോ ജോർഗെ. മൂന്ന് മില്യൺ യൂറോക്ക് സാന്റോസിൽ നിന്നാണ് താരം ട്യൂറിനിൽ എത്തിയത്. ഏതായാലും യുവന്റസിലെ തന്റെ സഹതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ ഈ ബ്രസീലിയൻ താരം. ക്രിസ്റ്റ്യാനോ ഒരുപാട് ഉപദേശങ്ങൾ തനിക്ക് നൽകിയെന്നും ഒരു ദിവസം അദ്ദേഹത്തെ പോലെയാവാൻ തനിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് കായോ അറിയിച്ചിട്ടുള്ളത്.യുവന്റസിന്റെ ഔദ്യോഗിക മീഡിയ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Kaio Jorge admits he doesn’t know if Cristiano Ronaldo will stay at Juventus and reveals he spoke to PSG star Neymar before joining the Old Lady. https://t.co/oGKlvroMLt #Juve #Juventus #SerieA #Calcio
— footballitalia (@footballitalia) August 25, 2021
” ക്രിസ്റ്റ്യാനോ റൊണാൾഡോ എപ്പോഴും എനിക്കൊരു പ്രചോദനമാണ്.എനിക്ക് ചില ഉപദേശങ്ങൾ അദ്ദേഹം നൽകിയിരുന്നു. അദ്ദേഹത്തോടൊപ്പം പരിശീലനം നടത്താൻ സാധിച്ചതിൽ ഞാൻ സന്തോഷവാനാണ്.അദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഒരു ദിവസം അദ്ദേഹത്തെ പോലെയാവാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്.പക്ഷേ അദ്ദേഹം ഇതുവരെ തന്റെ ഭാവിയെ കുറിച്ച് സംസാരിച്ചിട്ടില്ല. അദ്ദേഹം യുവന്റസിൽ തുടരുമോ എന്നുള്ള കാര്യം ഞങ്ങൾക്കറിയില്ല.അദ്ദേഹം തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ജോർഗെ പറഞ്ഞു.
യുവന്റസിൽ എത്തിയെങ്കിലും താരത്തിന്റെ അരങ്ങേറ്റം വൈകുകയാണ്. പരിക്കാണ് ഈ സ്‌ട്രൈക്കറെ അലട്ടുന്നത്. എന്നാൽ പേടിക്കാനില്ലെന്നും വൈകാതെ തന്നെ തിരിച്ചെത്തുമെന്നും ജോർഗെ അറിയിച്ചിട്ടുണ്ട്.സെപ്റ്റംബർ 12-ന് നാപോളിക്കെതിരെ നടക്കുന്ന മത്സരത്തിൽ കായോ അരങ്ങേറുമെന്നാണ് കണക്കുകൂട്ടലുകൾ.