ക്രിസ്റ്റ്യാനോ,പ്രായം കൂടുംതോറും വീര്യം കൂടുന്നുവെന്ന് വെറും വാക്കല്ല, കണക്കുകൾ സാക്ഷി!

കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മുപ്പത്തിയാറാം പിറന്നാൾ ആഘോഷിച്ചത്. പിന്നാലെ ഇന്നലെ റോമക്കെതിരെ നടന്ന മത്സരത്തിൽ താരം വല കുലുക്കുകയും ചെയ്തു. മത്സരത്തിലെ പതിമൂന്നാം മിനുട്ടിൽ തന്നെ മനോഹരമായ ഒരു ഗോൾ റൊണാൾഡോ സ്വന്തം പേരിലാക്കുകയായിരുന്നു.ഇതോടെ ഈ സീസണിൽ താരത്തിന്റെ ഗോൾ നേട്ടം 23 ആയി ഉയർന്നു. കേവലം ഇരുപത്തിനാലു മത്സരങ്ങളിൽ നിന്നാണ് ഈ മുപ്പത്തിയാറുകാരൻ ഈ ഗോളുകൾ നേടിയത് എന്നോർക്കണം. പലപ്പോഴും യുവന്റസ് മുന്നോട്ട് പോവുന്നത് തന്നെ റൊണാൾഡോയുടെ ചിറകിലേറിയാണ് സിരി എയിൽ പതിനേഴു മത്സരങ്ങളിൽ നിന്ന് 16 ഗോളുകളാണ് ഇതുവരെ ഈ സീസണിൽ താരം അടിച്ചു കൂട്ടിയത്. കഴിഞ്ഞ കോപ്പ ഇറ്റാലിയ മത്സരത്തിൽ ഇന്ററിനെ കീഴടക്കിതും റൊണാൾഡോ മുന്നിൽ നിന്ന് നയിച്ചത് കൊണ്ടാണ്.

ചുരുക്കത്തിൽ പ്രായം കൂടുംതോറും റൊണാൾഡോയുടെ വീര്യം കൂടുക തന്നെയാണ് ചെയ്യുന്നത്.ഓരോ മത്സരത്തിലും ഗോൾ നേടുക എന്ന ലക്ഷ്യം മാത്രമാണ് റൊണാൾഡോയുടെ മുന്നിലുള്ളത്. അയാളുടെ മുന്നിൽ മറ്റൊന്നും തന്നെ വിഷയമല്ല.മുപ്പത് വയസ്സ് പിന്നിട്ടതിന് ശേഷം റൊണാൾഡോ മാരകപ്രഹരശേഷിയുള്ളവനായി എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. മുപ്പത് വയസ്സിന് മുമ്പ് റൊണാൾഡോ 718 മത്സരങ്ങളാണ് ആകെ കളിച്ചത്. ഈ മത്സരങ്ങളിൽ നിന്ന് താരം നേടിയത് 463 ഗോളുകളാണ്. എന്നാൽ മുപ്പതിന് ശേഷം റൊണാൾഡോ യഥാർത്ഥത്തിൽ ഒരു ഗോൾ മെഷീനായി മാറുകയായിരുന്നു.326 മത്സരങ്ങളിൽ നിന്ന് 300 ഗോളുകളാണ് താരം നേടിയത്. അതായത് ഏകദേശം ഓരോ മത്സരങ്ങളിൽ നിന്നും ഓരോ ഗോളുകൾ വീതമെന്ന തോതിൽ. അതായത് പ്രായം തനിക്ക് മുമ്പിൽ വെറും സംഖ്യ മാത്രമാണെന്ന് റൊണാൾഡോ ഈ ലോകത്തോട് വിളിച്ചു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *