കാര്യങ്ങൾക്ക് അന്ത്യത്തിലേക്ക്,ഡിബാല ഇറ്റാലിയൻ വമ്പൻമാരുമായി എഗ്രിമെന്റിലെത്തി?

കഴിഞ്ഞ ജൂൺ 30തോടുകൂടി യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാലയുടെ ക്ലബുമായുള്ള കരാർ അവസാനിച്ചിരുന്നു. താരം നിലവിൽ ഫ്രീ ഏജന്റാണ്. മറ്റൊരു ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനായിരുന്നു പൗലോ ഡിബാലക്ക് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നത്.

ഇന്റർ മിലാനുമായി വാക്കാലുള്ള കരാറിൽ വരെ പൗലോ ഡിബാല എത്തിയിരുന്നു. എന്നാൽ പിന്നീട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയായിരുന്നു. സൂപ്പർ താരം റൊമേലു ലുക്കാക്കു വന്നതോടുകൂടി ഇന്റർ ഈ ശ്രമങ്ങളിൽ നിന്നും പിന്മാറുകയായിരുന്നു. ഇതോടുകൂടി ഡിബാല പുതിയ ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു.

ഇപ്പോഴിതാ കാര്യങ്ങൾ അന്ത്യത്തിലേക്ക് അടുക്കുകയാണ്. മറ്റൊരു ഇറ്റാലിയൻ വമ്പൻമാരായ AS റോമയുമായി ഡിബാല വെർബൽ എഗ്രിമെന്റിൽ എത്തിക്കഴിഞ്ഞു എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മറ്റൊരു വമ്പൻമാരായ നാപോളി താരത്തിനു വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും റോമ ഇവരെ മറികടക്കുകയായിരുന്നു.2025 വരെയുള്ള ഒരു കരാറാണ് ഡിബാലക്ക് ഓഫർ ചെയ്തിട്ടുള്ളത്. 6 മില്യൺ യൂറോയാണ് വാർഷിക സാലറിയായി കൊണ്ട് താരത്തിന് ലഭിക്കുക. ഈ ഓഫർ ഡിബാല സ്വീകരിച്ചു കഴിഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്.

റോമയുടെ പരിശീലകനായ ഹോസേ മൊറിഞ്ഞോക്ക് വളരെയധികം താല്പര്യമുള്ള താരമാണ് ഡിബാല. മാത്രമല്ല ഫ്രാൻസിസ്ക്കോ ടോട്ടിയും താരത്തെ കൺവിൻസ് ചെയ്യിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. ഏതായാലും ഇനി ട്വിസ്റ്റുകൾ ഒന്നും സംഭവിച്ചില്ലെങ്കിൽ അടുത്ത സീസണിൽ ഡിബാല റോമക്ക് വേണ്ടി കളിക്കാൻ തന്നെയാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *