ഇത്‌ സ്വപ്നസാക്ഷാൽക്കാരം, ലൊക്കാടെല്ലിക്ക്‌ പറയാനുള്ളത്!

ഇറ്റാലിയൻ മധ്യനിര താരമായ മാനുവൽ ലൊക്കാടെല്ലിയെ തങ്ങൾ സ്വന്തമാക്കിയ വിവരം ഇന്നലെയാണ് യുവന്റസ് ഔദ്യോഗികമായി അറിയിച്ചത്. രണ്ട് വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് യുവന്റസ് ഈ സൂപ്പർ താരത്തെ സ്വന്തമാക്കിയത്.കൂടാതെ 25 മില്യൺ യൂറോ നൽകി താരത്തെ വാങ്ങാനുള്ള ഓപ്ഷനും കരാറിലുണ്ട്. ഈ ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്കം മുതലേ ലൊക്കാടെല്ലിക്ക്‌ വേണ്ടി യുവന്റസ് ശ്രമങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ യൂറോ കപ്പിൽ ഇറ്റലിക്ക്‌ വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്ത താരമാണ് ലൊക്കാടെല്ലി. സാസുവോളോയിൽ നിന്നാണ് താരം യുവന്റസിൽ എത്തുന്നത്. ഏതായാലും യുവന്റസിൽ എത്താനായത് തന്റെ സ്വപ്നസാക്ഷാൽക്കാരമാണ് എന്നറിയിച്ചിരിക്കുകയാണിപ്പോൾ താരം. കരാറിൽ ഒപ്പ് വെച്ച ശേഷം യുവന്റസ് ടിവിയോട് സംസാരിക്കുകയായിരുന്നു താരം.

” എന്റെ സ്വപ്നം ഇപ്പോൾ സാക്ഷാൽക്കാരമായിരിക്കുന്നു.എന്റെ കുട്ടിക്കാലം മുതലേയുള്ള സ്വപ്നമായിരുന്നു ഇത്‌. അതിന് വേണ്ടി ഞാൻ കഠിനാദ്ധ്യാനം ചെയ്തു.കൂടാതെ കളത്തിൽ എല്ലാം സമർപ്പിച്ചു. അതാണ് എന്നെ ഇവിടെ എത്തിച്ചത്.ഏതായാലും ആരാധകർക്കിടയിലേക്ക് എത്താൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നു.ഏതായാലും ഇതൊരു തുടക്കം മാത്രമാണ് ” ഇതാണ് യുവന്റസിനെ കുറിച്ച് ലൊക്കാടെല്ലി പറഞ്ഞത്. ഇതിന് മുമ്പ് കായോ ജോർഗെയെ യുവന്റസ് ടീമിൽ എത്തിച്ചിരുന്നു. ബ്രസീലിയൻ ക്ലബായ സാന്റോസിൽ നിന്നായിരുന്നു സ്ട്രൈക്കർ ടീമിൽ എത്തിയത്. ഏതായാലും അലെഗ്രിക്ക്‌ കീഴിൽ യുവന്റസ് ഉയർത്തെഴുന്നേൽക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *