ആ രണ്ട് താരങ്ങൾ ഒരുമിക്കുന്നതോടെ മിലാൻ ശക്തരാവും : മാൾഡീനി!

കഴിഞ്ഞ സിരി എ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ എസി മിലാന് കഴിഞ്ഞിരുന്നു. സിരി എയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മിലാൻ ഒരിടവേളക്ക്‌ ശേഷം ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുകയും ചെയ്തു. ഈ സീസണിലെ ആദ്യ മത്സരത്തിലും എസി മിലാൻ വിജയം സ്വന്തമാക്കിയിരുന്നു.സാംപഡോറിയയെയായിരുന്നു മിലാൻ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത്. ബ്രാഹിം ഡയസായിരുന്നു വിജയഗോൾ നേടിയത്. സൂപ്പർ താരം ജിറൂദ് മിലാനായി കളത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു.

ഏതായാലും ഈ സീസണിൽ സിരി എ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് മിലാന്റെ ടെക്നിക്കൽ ഡയറക്റ്ററായ പൌലോ മാൾഡീനി. സ്ലാട്ടൻ ഇബ്രാഹിമോവിച്ചും ജിറൂദും ഒരുമിക്കുന്നതോട് കൂടി മിലാൻ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ശക്തരാവുമെന്നാണ് മാൾഡീനി അറിയിച്ചിട്ടുള്ളത്.സ്കൈ സ്‌പോർട് ഇറ്റാലിയയോട് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” മികച്ച താരങ്ങളെ എപ്പോഴും കളിക്കാൻ അനുവദിക്കുക എന്നുള്ളതാണ് എപ്പോഴും ഞങ്ങളുടെ പദ്ധതി.അവർക്ക്‌ ഓക്കേ ആണെങ്കിൽ, പിന്നെ എന്ത് കൊണ്ട് ഞങ്ങൾക്ക്‌ അവരെ കളിപ്പിച്ചു കൂടാ..? സ്ലാട്ടൻ ഇബ്രാഹിമോവിച്ചും ഒലിവർ ജിറൂദും ഒരുമിച്ച് കളിക്കുകയാണെങ്കിൽ ടീമിന്റെ ശക്തി വർധിക്കും.ശാരീരികഘടനയിൽ അവർ തമ്മിൽ സാമ്യത ഉണ്ടാകാം. പക്ഷേ അവരുടെ കളിശൈലികൾ വ്യത്യസ്ഥമാണ്. ഇബ്രാഹിമോവിച്ചിന് ഒരു പ്ലേ മേക്കർ റോളിൽ കളിക്കാനും സാധിക്കും.പക്ഷേ സ്ലാട്ടന് 40 വയസ്സായെന്നും ജിറൂദിന് 35 വയസ്സായെന്നുമുള്ളത് രഹസ്യമായ കാര്യമല്ല. എന്നിരുന്നാലും സിരി എയിലെ പ്രായം കുറഞ്ഞ താരങ്ങൾ ഉള്ള ടീമുകളിൽ ഒന്നാണ് ഞങ്ങളുടേത്. ആ വഴിയിൽ തന്നെ തുടരാനാണ് ഞങ്ങൾ ശ്രമിക്കുക. അത്കൊണ്ട് തന്നെ ഈ ട്രാൻസ്ഫർ ജാലകത്തിൽ കുറച്ചു വർക്ക്‌ കൂടി ഞങ്ങൾക്ക്‌ പൂർത്തിയാക്കാനുണ്ട്. അതോടെ ടീം പൂർണ്ണമാവും ” ഇതാണ് മാൾഡീനി പറഞ്ഞിട്ടുള്ളത്.

നിലവിൽ സ്ലാട്ടൻ പരിക്കിന്റെ പിടിയിലാണ്. സെപ്റ്റംബറിലായിരിക്കും താരം തിരിച്ചെത്തുക എന്നാണ് സൂചനകൾ.കഴിഞ്ഞ മെയ് മാസത്തിൽ യുവന്റസിനെതിരെ നടന്ന മത്സരത്തിലായിരുന്നു സ്ലാട്ടന് പരിക്കേറ്റത്. അതിന് ശേഷം താരം ഇതുവരെ ഒരൊറ്റ മത്സരവും കളിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *