സിരി എയിൽ ഏറ്റവും കൂടുതൽ സാലറി റൊണാൾഡോക്ക്‌, ഏറ്റവും കൂടുതൽ ചിലവഴിക്കുന്നത് യുവന്റസ് !

സിരി എയിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരമാണ് സിരി എയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന താരം ക്രിസ്റ്റ്യാനോയാണ് എന്ന് വ്യക്തമായത്. കൂടാതെ സിരി എയിൽ സാലറി നൽകാൻ വേണ്ടി ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്ന ക്ലബ് യുവന്റസുമാണ്. രണ്ടാം സ്ഥാനത്ത് ഇന്റർ മിലാനാണ് ഉള്ളത്. 236 മില്യൺ യൂറോയാണ് യുവന്റസ് ഒരു വർഷം സാലറി ഇനത്തിൽ മാത്രം ചിലവഴിക്കുന്നത്. ഇതിൽ 31 മില്യൺ യൂറോ റൊണാൾഡോക്കാണ് നൽകുന്നത്. റൊണാൾഡോക്ക്‌ പിന്നിലുള്ള ഡിലൈറ്റ് ആണ്. എട്ട് മില്യൺ യൂറോയാണ് ഡിലൈറ്റിന് ലഭിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ദിബാലക്ക്‌ 7.3 മില്യൺ യൂറോയാണ് യുവന്റസ് നൽകുന്നത്. അതേസമയം 149 മില്യൺ യൂറോയാണ് ഇന്റർമിലാൻ സാലറിയിനത്തിൽ ചിലവഴിക്കുന്നത്. ഇതിൽ ലുക്കാക്കു, എറിക്‌സൺ എന്നിവർക്ക്‌ 7.5 മില്യൺ യൂറോയാണ് നൽകുന്നത്. സാഞ്ചസിനു ഏഴ് മില്യൺ ഇന്റർ നൽകുമ്പോൾ വിദാലിന് 6.5 മില്യൺ യൂറോ ഇന്റർ നൽകുന്നു. കേവലം 2.5 മില്യൺ മാത്രമാണ് ലൗറ്ററോക്ക്‌ ലഭിക്കുന്നത്.

മൂന്നാം സ്ഥാനത്തുള്ള റോമയാണ്. 112 മില്യൺ യൂറോയാണ് റോമ ചിലവഴിക്കുന്നത്. ഇതിൽ 7.5 മില്യൺ യൂറോയും സൂപ്പർ താരം സെക്കോക്ക്‌ വേണ്ടിയാണ്. 4.5 മില്യൺ പാസ്‌റ്റോറക്കും 3.8 മില്യൺ യൂറോ സ്മാളിങ്ങിനും വേണ്ടി ചിലവഴിക്കുന്നു.എന്നാൽ കരുത്തരായ അറ്റലാന്റ താരതമ്യേന ചെറിയ തുകയാണ് ചിലവഴിക്കുന്നത്. 42.6 മില്യൺ യൂറോ മാത്രമാണ് അറ്റലാന്റ ചിലവഴിക്കുന്നത്. ഇതിൽ 2 മില്യൺ യൂറോ കൈപ്പറ്റുന്ന പപ്പു ഗോമസാണ് ഏറ്റവും കൂടുതൽ വേതനം കൈപ്പറ്റുന്ന താരം. പുതുതായി സിരി എയിലേക്ക്‌ പ്രൊമോഷൻ നേടിയ സ്‌പെസിയ കേവലം 22 മില്യൺ യൂറോ മാത്രമാണ് ചിലവഴിക്കുന്നത്. നാപോളിയിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരം കൗളിബലിയാണ്. എസി മിലാനിൽ ഇബ്രാഹിമോവിച്ച് കൂടുതൽ വേതനം കൈപ്പറ്റുമ്പോൾ ലാസിയോയിൽ ഇമ്മൊബിലെയാണ് ഒന്നാമൻ.

Leave a Reply

Your email address will not be published. Required fields are marked *