റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തിയിട്ടും നിരാശ മാറാതെ ലുക്കാക്കു, മെഡൽ സ്വീകരിച്ചില്ല !

നല്ല രീതിയിൽ തുടങ്ങിയ മത്സരം ഒരു ദുസ്വപ്നം പോലെയാണ് ഇന്നലെ റൊമേലു ലുക്കാക്കു അവസാനിപ്പിച്ചത്. ഈ സീസണിലുടനീളം ഇന്റർ മിലാന്റെ ഹീറോയായിരുന്ന ലുക്കാക്കു നിർണായകമത്സരത്തിൽ വില്ലൻ വേഷം അണിയുന്നതാണ് കണ്ടത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു കൊണ്ട് ഗോളാഘോഷം നടത്തിയപ്പോൾ ലുക്കാക്കു വിചാരിച്ചിട്ടുണ്ടാവില്ല, താൻ തന്നെ ഈ മത്സരത്തിലെ തോൽവിക്ക് കാരണമാവുമെന്ന്. എഴുപത്തിനാലാം മിനുട്ടിൽ ഡിയഗോ കാർലോസിന്റെ ഒരു ഓവർഹെഡ് കിക്ക് വഴിതിരിച്ചുവിടാൻ ശ്രമിച്ച ലുക്കാക്കുവിന് പിഴച്ചു. അത്‌ കയറിയത് സ്വന്തം വലയിൽ. ഈ ഗോളോടെ 3-2 ന് പിറകിൽ പോയ തന്റെ ടീമിനെ ഉയർത്തി കൊണ്ടുവരാൻ ലുക്കാക്കുവിനും കൂട്ടർക്കും സാധിക്കാതെ പോയതോടെ ഇന്റർകിരീടം കൈവിടുകയായിരുന്നു. ഇതിന്റെ നിരാശ താരം പ്രകടിപ്പിക്കുകയും ചെയ്തു. റണ്ണേഴ്‌സ് അപ്പിനുള്ള മെഡൽ വാങ്ങാൻ താരം എത്തിയില്ല. തോൽവിയിലുള്ള സങ്കടവും നിരാശയുമാണ് താരം മെഡൽ നിരസിക്കാൻ കാരണം.

അതേസമയം ഇന്നലെ ഒരു റെക്കോർഡ് നേട്ടം പങ്കിട്ടതൊന്നും ലുക്കാക്കുവിന്റെ നിരാശയെ ലഘൂകരിച്ചില്ല. ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ ലിമയുടെ റെക്കോർഡിനൊപ്പമാണ് ഇന്നലത്തെ ഗോളോടെ ലുക്കാക്കു എത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പെനാൽറ്റിയിലൂടെ താരം ഒരു ഗോൾ കണ്ടെത്തിയിരുന്നു. ഈ സീസണിൽ ഇന്റർമിലാന് വേണ്ടി എല്ലാ കോംപിറ്റീഷനുകളിലുമായി താരം നേടുന്ന 34-ആം ഗോളാണിത്. ഒരു അരങ്ങേറ്റ സീസണിൽ ഇത്രയും ഗോൾ നേടുന്ന രണ്ടാമത്തെ ഇന്റർമിലാൻ താരം മാത്രമാണ് ലുക്കാക്കു. സാക്ഷാൽ റൊണാൾഡോയാണ് ഒന്നാം സ്ഥാനത്ത്. 47 മത്സരങ്ങളിൽ നിന്ന് 34 ഗോളുകളാണ് അരങ്ങേറ്റ സീസണിൽ ഈ ബ്രസീലിയൻ പ്രതിഭാസം ഇന്റർമിലാന് വേണ്ടി നേടിയത്. എന്നാൽ ലുക്കാക്കുവിന് നാലു മത്സരങ്ങൾ അധികം വേണ്ടി വന്നു ഈ റെക്കോർഡിന് ഒപ്പമെത്താൻ. 51 മത്സരങ്ങളിൽ നിന്നാണ് ലുക്കാക്കു 34 ഗോളുകൾ ഇന്റർമിലാന് വേണ്ടി തന്റെ അരങ്ങേറ്റ സീസണിൽ തന്നെ പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *