രണ്ട് ഗോളിന് പിറകിൽ നിന്ന് നാലെണ്ണം തിരിച്ചടിച്ചു, ക്രിസ്റ്റ്യാനോയെയും കൂട്ടരെയും നാണംകെടുത്തി മിലാന്റെ വീരോചിത തിരിച്ചുവരവ്
എസി മിലാന്റെ വലയിലേക്ക് രണ്ടെണ്ണം നിറയൊഴിച്ചപ്പോൾ ക്രിസ്റ്റ്യാനോയും കൂട്ടരും സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല അതിന്റെ പലിശ സഹിതം ഉടനടി തിരിച്ചുകിട്ടുമെന്ന്. രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം നാലെണ്ണം തിരിച്ചടിച്ച് എസി മിലാൻ കരുത്തുകാട്ടിയ മത്സരത്തിൽ യുവന്റസിന് നാണംകെട്ട തോൽവി. സിരി എയിൽ ഇന്നലെ നടന്ന 31-ആം റൗണ്ട് പോരാട്ടത്തിൽ എസി മിലാനാണ് ഒന്നാം സ്ഥാനക്കാരെ കശാപ്പുചെയ്തത്. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ രണ്ട് ഗോളുകൾക്ക് പിറകിൽ പോയ മിലാൻ തളരാൻ ഒരുക്കമായിരുന്നില്ല. കേവലം അഞ്ച് മിനിറ്റുകൾക്കുള്ളിൽ മൂന്നു ഗോളുകൾ തിരിച്ചടിച്ച് എസി മിലാൻ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുകയായിരുന്നു. തോൽവി പിണഞ്ഞെങ്കിലും യുവന്റസ് തന്നെയാണ് ഒന്നാമത്. അതേ സമയം ജയത്തോടെ മിലാൻ അഞ്ചാം സ്ഥാനത്തേക്ക് കയറി.
ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഈ ആറു ഗോളുകളും പിറന്നത്. 47-ആം മിനുട്ടിൽ അഡ്രിയാൻ റാബിയോട്ട് ആണ് യുവന്റസിന് ലീഡ് നേടികൊടുത്തത്. ഓരോ സോളോ മുന്നേറ്റത്തിനൊടുവിൽ തകർപ്പൻ ഷോട്ടിലൂടെ താരം വലകുലുക്കി. 53-ആം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗോൾ നേടിയ. ക്വഡ്രാഡോയുടെ മനോഹരമായ പാസ്സ് പിടിച്ചെടുത്ത റൊണാൾഡോ ഒരു പിഴവും കൂടാതെ പന്ത് വലയിലെത്തിച്ചു. എന്നാൽ പിന്നീട് എസി മിലാന്റെ ഊഴമായിരുന്നു. 62-ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഇബ്രാഹിമോവിച്ച് ലക്ഷ്യം കണ്ടു. നാല് മിനിട്ടുകൾക്ക് ശേഷം ഇബ്രയുടെ പാസിൽ നിന്ന് തന്നെ കെസ്സീ മിലാന് സമനില നേടിക്കൊടുത്തു. അടുത്ത മിനുട്ടിലും ഗോൾ വന്നു. റെബിച്ചിന്റെ പാസിൽ നിന്ന് റഫയെൽ ലിയോ ആണ് ലീഡ് നേടിക്കൊടുത്തത്. എൺപതാം മിനിറ്റിൽ റെബിച്ച് കൂടി ഗോൾ കണ്ടെത്തിയതോടെ യുവന്റസ് പതനം പൂർണമായി.