മെസ്സി, കാന്റെ. ട്രാൻസ്ഫർ പദ്ധതികളെ കുറിച്ച് ഇന്റർ ഡയറക്ടർ പറയുന്നു !

ഈ ട്രാൻസ്ഫർ വിൻഡോ തുറക്കുന്നതിന് മുമ്പ് തന്നെ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട ട്രാൻസ്ഫർ റൂമറുകളിൽ ഒന്നായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ഇന്റർമിലാനിലേക്ക് ചേക്കേറിയേക്കും എന്നുള്ളത്. മെസ്സിയുടെ പിതാവ് മിലാനിൽ ഒരു വീട് വാങ്ങിച്ചതുമായാണ് ഈ അഭ്യൂഹങ്ങൾ പരന്നത്. തുടർന്ന് മെസ്സിക്ക് വമ്പൻ തുക ഇന്റർ മിലാൻ വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്തേക്ക് വന്നിരുന്നു. എന്നാൽ ഈ വാർത്തകളോട് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഇന്റർ ഡയറക്ടർ പിയറോ ഓസിലിയോ. മെസ്സി, കാന്റെ, ചിയേസ എന്നീ താരങ്ങളുടെ ട്രാൻസ്ഫർ അസാധ്യമാണ് എന്നാണ് ഇദ്ദേഹം അറിയിച്ചത്. കഴിഞ്ഞ ദിവസം സ്പോർട്ട് ഇറ്റാലിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കിയത്.അതേ സമയം ഇന്റർ താരം മാഴ്‌സെലോ ബ്രോസോവിച്ച് ക്ലബ് വിടുമെന്നും ഇദ്ദേഹം അറിയിച്ചു.

” എനിക്ക് പറയാനുള്ളത് എന്തെന്ന് വെച്ചാൽ മെസ്സിയുടെ ട്രാൻസ്ഫർ അസാധ്യമാണ് എന്നാണ്. മെസ്സിയെ കുറിച്ചുള്ള ഒരു വിലപേശലുകളും ഇത് വരെ നടന്നിട്ടില്ല. മെസ്സിയെ പോലെ ഒരു താരത്തിനെ താങ്ങാനുള്ള ശേഷി നിലവിൽ ഇന്റർമിലാന് ഇല്ല. സാമ്പത്തികമായുള്ള കാര്യങ്ങൾ കൂടി ഇതിൽ പരിഗണിക്കേണ്ടതുണ്ട്. മെസ്സി- ഇന്റർ ട്രാൻസ്ഫറുകളെ കുറിച്ച് ആളുകൾ സംസാരിക്കുന്ന അവസാന സമയമാവട്ടെ ഇതെന്ന് ഞാൻ ആഗ്രഹിക്കുകയാണ്. കാന്റെയെ ചെൽസിയിൽ നിന്നും ഇങ്ങോട്ട് എത്തിക്കലും അസാധ്യമാണ്. എന്നാൽ അലക്‌സാണ്ടർ കോളറോവിന് വേണ്ടി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. റോമയുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. എന്നാൽ ഒന്നും ഉറപ്പിക്കാനായിട്ടില്ല. അതേ സമയം ബ്രോസോവിച്ചിന്റെ ചില പെരുമാറ്റങ്ങൾ തെറ്റാണ് എന്ന് ബോധ്യപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് മികച്ച ഓഫർ വന്നാൽ അദ്ദേഹത്തെ പറഞ്ഞയക്കുന്ന കാര്യം ഞങ്ങൾ പരിഗണിക്കും ” ഇന്റർ ഡയറക്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *