പുറത്തായതിൽ നിരാശ, ശക്തമായി തിരിച്ചു വരുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ !

ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിൽ നിരാശ ഉണ്ടെന്നും എന്നാൽ ശക്തമായി തന്നെ തിരിച്ചു വരുമെന്നുമറിയിച്ച് യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ചാമ്പ്യൻസ് ലീഗ് പുറത്താവലിനെ കുറിച്ചുള്ള മൗനത്തിന് വിരാമം കുറിച്ചത്. യുവന്റസ് എപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിനെ പോലെ ചിന്തിക്കണമെന്നും അവരെ പോലെ പ്രവർത്തിക്കണമെന്നും താരം ഉപദേശിച്ചു. യുവന്റസ് ആരാധകർ ഇതിൽ കൂടുതൽ തങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അടുത്ത തവണ ശക്തമായ രീതിയിൽ തന്നെ തിരിച്ചു വരുമെന്നും റൊണാൾഡോ അറിയിച്ചു. അതേ സമയം താരത്തിന്റെ ഈ സീസണിലെ ഗോൾ നേട്ടങ്ങൾ ഒക്കെ തന്നെയും താരം കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സീസണിൽ 37 ഗോളുകളാണ് താരം ആകെ നേടിയത്. സാറിയെ പുറത്താക്കിയതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പോസ്റ്റ്‌ ചെയ്തത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ ഇങ്ങനെയാണ് : ” ഞങ്ങളുടെ 2019/20 സീസൺ അവസാനിച്ചിരിക്കുന്നു. സാധാരണഗതിയിൽ വൈകിയാണ് അവസാനിച്ചതെങ്കിലും ഞങ്ങൾ പ്രതീക്ഷിച്ചതിനെക്കാളേറെ നേരത്തെയാണ് അവസാനിച്ചത്. ഇനി വിലയിരുത്താനുള്ള സമയമാണ്. ഇമ്പ്രൂവ് ചെയ്യാൻ ആവിശ്യമായ വിമർശനപരമായ ചിന്തകൾ ആവിശ്യമാണ്. യുവന്റസിനെ പോലെയുള്ള ഒരു വലിയ ക്ലബ് എപ്പോഴും നിർബന്ധമായും ലോകത്തിലെ ഏറ്റവും മികച്ച ക്ലബാണ് എന്ന് ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം. സിരി കിരീടം ഒരിക്കൽ കൂടി നേടിയത് ബുദ്ധിമുട്ടുകൾ തരണം ചെയ്തിട്ടാണ്. അതിൽ ഞങ്ങൾ അഭിമാനിക്കുന്നു. വ്യക്തിപരമായി ഞാൻ യുവന്റസിന് വേണ്ടി 37 ഗോളും പോർച്ചുഗലിന് വേണ്ടി 11 ഗോളും ഈ സീസണിൽ നേടി. ആരാധകർ ഞങ്ങളിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. അത് നൽകാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. ഈ ചെറിയ വെക്കേഷൻ ഞങ്ങൾക്ക് ഭാവിക്ക് വേണ്ടി നല്ല തീരുമാനങ്ങൾ എടുക്കാനും അതുവഴി ശക്തമായി തിരിച്ചു വരാനുമുള്ള അവസരമാണ് ” ക്രിസ്റ്റ്യാനോ റൊണാൾഡോ എഴുതി.

Leave a Reply

Your email address will not be published. Required fields are marked *