പരിക്ക് മാറി ദിബാലയെത്തി, റോമയെ നേരിടാൻ യുവന്റസ് തയ്യാർ !

സൂപ്പർ താരം പൌലോ ദിബാല പരിക്ക് മാറി തിരിച്ചെത്തി. കഴിഞ്ഞ ദിവസമാണ് താരം പരിശീലനത്തിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് പരിശീലനസെഷൻ മുഴുവനും പൂർത്തിയാക്കുകയും ചെയ്തു. ഈ ആഴ്ച്ച നടക്കുന്ന റോമക്കെതിരെയുള്ള മത്സരത്തിൽ താരം ബൂട്ടണിയുമെന്നാണ് ട്യൂട്ടോസ്പോർട്സ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. താരത്തിന്റെ തുടക്കേറ്റ പരിക്ക് മൂലം ദിബാല ഒരു മാസത്തോളം കളത്തിന് പുറത്തായിരുന്നു. അതിനാൽ തന്നെ പ്രീ സീസൺ മത്സരങ്ങളും കഴിഞ്ഞ സിരി എയിലെ ആദ്യ റൗണ്ട് പോരാട്ടങ്ങളും താരത്തിന് നഷ്ടമായിരുന്നു. എന്നാൽ റോമക്കെതിരെ താരം കളത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താരത്തിന്റെ വരവ് മുന്നേറ്റനിരക്ക് ഊർജ്ജം പകരും.

അതേ സമയം അത്‌ലെറ്റിക്കോ മാഡ്രിഡിൽ നിന്നും യുവന്റസിൽ എത്തിയ മൊറാറ്റ ഉടനെ തന്നെ പരിശീലനം ആരംഭിച്ചു. പ്രോട്ടോകോൾ അനുസരിച്ച് വ്യക്തിഗതമായാണ് താരം പരിശീലനം നടത്തിയത്. പ്രധാനമായും പിർലോ ഡിഫൻന്റെഴ്സിനും അറ്റാക്കേഴ്സിനും ടാക്ടിസ്പരമായ പരിശീലനമാണ് കഴിഞ്ഞ സെഷനിൽ ഏറ്റവും കൂടുതൽ നൽകിയത്. ആദ്യത്തെ മത്സരത്തിൽ സാംപഡോറിയയെ തറപറ്റിക്കാൻ യുവന്റസിന് കഴിഞ്ഞിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ, കുലുസെവ്സ്‌ക്കി, ബൊനൂച്ചി എന്നിവരാണ് അന്ന് ഗോളുകൾ നേടിയത്. ദിബാലയുടെ വരവോടെ കുലുസെവ്സ്‌ക്കി, മൊറാറ്റ എന്നിവരിൽ ഒരാൾ പുറത്തിരിക്കേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *