ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കുന്നത് സ്വപ്നസാക്ഷാൽക്കാരമാണെന്ന് ആർതർ !

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കുന്നത് സ്വപ്നസാക്ഷാൽക്കാരമാണെന്ന് ബ്രസീലിയൻ താരം ആർതർ മെലോ. യുവന്റസിൽ എത്തിയ ശേഷം ആദ്യമായി സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ആർതർ ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. ഒരുപാട് മികച്ച താരങ്ങൾക്കൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ച താരമാണ് താനെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കുന്നത് തന്റെ സ്വപ്നസാക്ഷാൽക്കാരമാണ് എന്നുമാണ് ആർതർ പ്രസ്താവിച്ചത്. യുവന്റസിന്റെ പദ്ധതികൾ തന്നെ തൃപ്തിപ്പെടുത്തിയെന്നും ചാമ്പ്യൻസ് ലീഗ് ആണ് യുവന്റസിന്റെ ലക്ഷ്യമെന്നും ആർതർ അറിയിച്ചു. പുതിയ പരിശീലകൻ പിർലോയുമായി വിശദമായി സംസാരിച്ചിട്ടില്ലെന്നും തന്നെ നല്ല രീതിയിൽ ട്രീറ്റ് ചെയ്ത ബാഴ്സയോട് നന്ദി ഉണ്ടെന്നും ആർതർ അറിയിച്ചു. ഈ ട്രാൻസ്ഫർ ജാലകത്തിൽ ആയിരുന്നു മിറാലെം പ്യാനിക്കിനെയും ആർതർ മെലോയെയും യുവന്റസും ബാഴ്സയും തമ്മിൽ കൈമാറിയത്. ഇതോടെ മെസ്സി, നെയ്മർ എന്നീ സൂപ്പർ താരങ്ങൾക്കൊപ്പം കളിച്ച ശേഷം റൊണാൾഡോക്കൊപ്പം കളിക്കാനുള്ള ഭാഗ്യമാണ് ആർതർക്ക് കൈവന്നിരിക്കുന്നത്.

“എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്. ഞാൻ എന്നെ സ്വാഗതം ചെയ്ത എല്ലാർക്കും നന്ദി പറയുന്നു. ഒരുപാട് മികച്ച താരങ്ങളോടൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ച താരമാണ് ഞാൻ. റൊണാൾഡോക്കൊപ്പം കളിക്കുന്നത് എന്റെ സ്വപ്നസാക്ഷാൽക്കാരമാണ്. യുവന്റസിന്റെ പദ്ധതികൾ എന്നെ തൃപ്തിപ്പെടുത്തി കഴിഞ്ഞു. ഞാൻ ഇതുവരെ പരിശീലകനോട് വിശദമായി സംസാരിച്ചിട്ടില്ല. ഇത്പോലെയൊരു പരിശീലകന് കീഴിൽ കളിക്കാൻ സാധിക്കുന്നതെന്നും ഭാഗ്യമാണ്. ഫോർമേഷനെ കുറിച്ചോ പൊസിഷനോ കുറിച്ചോ ഇതുവരെ ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല. ഞാൻ ബാഴ്സയോട് നന്ദി പറയുകയാണ്. എന്നെ നല്ല രീതിയിൽ ആണ് അവർ ട്രീറ്റ് ചെയ്തത്. ഞാൻ ഇങ്ങോട്ട് വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം ചാമ്പ്യൻസ് ലീഗ് ആണ്. അത്‌ തന്നെയാണ് യുവന്റസിന്റെ ഏറ്റവും വലിയ ലക്ഷ്യവും. ഞാൻ എന്റെ സഹതാരങ്ങളോടൊപ്പം നല്ല രീതിയിൽ മുന്നോട്ട് പോവുകയും എന്റെ ലക്ഷ്യങ്ങളെ പൂർത്തിയാക്കുകയും ചെയ്യും ” ആർതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *