ക്രിസ്റ്റ്യാനോ പരിശീലനം ആരംഭിച്ചു,വൈറലായി ചിത്രങ്ങൾ
യുവന്റസിന്റെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിടവേളക്ക് ശേഷം പരിശീലനത്തിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസമാണ് താരം പരിശീലനത്തിന് വേണ്ടി ടീമിനോടൊപ്പം ചേർന്നത്. യുവന്റസ് ടീം അംഗങ്ങളിൽ മിക്കവരും നേരത്തെ പരിശീലനം ആരംഭിച്ചിരുന്നുവെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അതിന് സാധിച്ചിരുന്നില്ല. കോവിഡ് പ്രതിസന്ധി മൂലം മത്സരങ്ങൾ നിർത്തിവെച്ച സമയത്ത് താരം ജന്മനാടായ പോർച്ചുഗല്ലിലെ മെദീരയിലേക്ക് മടങ്ങിയിരുന്നു. പിന്നീട് സിരി എ പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കം വിദേശത്തുള്ള എല്ലാ താരങ്ങളെയും യുവന്റസ് തിരിച്ചു വിളിക്കുകയായിരുന്നു.
ഉടനെ തന്നെ ട്യൂറിനിലേക്ക് മടങ്ങാൻ ക്രിസ്റ്റ്യാനോ ശ്രമം നടത്തിയെങ്കിലും പ്രൈവറ്റ് ജെറ്റിന്റെ ചില പ്രശ്നങ്ങൾ മൂലം രണ്ടിൽ കൂടുതൽ തവണ താരത്തിന്റെ യാത്ര തടസ്സപ്പെട്ടു. എങ്കിലും താരം പെട്ടന്ന് തന്നെ ഇറ്റലിയിൽ തിരിച്ചെത്തി. ഉടനെ തന്നെ ടീമിനോടൊപ്പം ചേരാൻ അനുമതി ഇല്ലായിരുന്നു. പതിനാല് ദിവസം ക്വാറന്റയിനിൽ കഴിഞ്ഞതിന് ശേഷമാണ് താരം ടീമിനോടൊപ്പം പരിശീലനം ആരംഭിച്ചത്. അതേ സമയം വിദേശത്തുണ്ടായിരുന്ന ഡഗ്ലസ് കോസ്റ്റ, ഗോൺസാലോ ഹിഗ്വയ്ൻ എന്നിവർ എല്ലാം തന്നെ തിരിച്ചെത്തിയിട്ടുണ്ട്. ഗോൺസാലോ ഹിഗ്വയ്ൻ ആണ് അവസാനമായി ട്യൂറിനിൽ എത്തിച്ചേർന്ന യുവന്റസ് താരം. ക്രിസ്റ്റ്യാനോ ടീമിനോടൊപ്പം ചേർന്നെങ്കിലും ഇന്നലെ താരം ഒറ്റക്കാണ് പരിശീലനം നടത്തിയത്.
അതേസമയം സിരി ക്ലബുകൾക്ക് ചെറിയ ഗ്രൂപ്പുകൾ ആയി പരിശീലനം നടത്താൻ ഗവൺമെന്റ് അനുമതി നൽകി. ഇന്നലെയാണ് ടീമുകൾക്ക് അനുമതി ലഭിച്ചത്. സിരി എ എന്ന് തുടങ്ങണം എന്ന കാര്യത്തിൽ മെയ് 28 ന് ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നുള്ള തീരുമാനം ഉണ്ടായേക്കും. നിലവിൽ ജൂൺ പതിമൂന്നു മുതൽ മത്സരങ്ങൾ ആരംഭിക്കുമെന്ന് സിരി അറിയിച്ചിട്ടുണ്ടെങ്കിലും ഗവണ്മെന്റിന്റെ ഔദ്യോഗികഅനുമതി ലഭിച്ചിട്ടില്ല. ഇക്കാര്യമാണ് മെയ് 28-ലെ ചർച്ചയിൽ ഇറ്റാലിയൻ സ്പോർട്സ് മിനിസ്റ്റർ തീരുമാനം എടുക്കുക.