ടെൻ ഹാഗിന്റെ തൊപ്പി തെറിച്ചേനെ, യുണൈറ്റഡിന് സ്വയം നാണക്കേട് തോന്നണം:കാരഗർ

ഇന്നലെ FA കപ്പിൽ നടന്ന സെമിഫൈനൽ പോരാട്ടത്തിൽ കഷ്ടിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചിട്ടുള്ളത്. ലോവർ ഡിവിഷൻ ക്ലബായ കോവെൻട്രിക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് യുണൈറ്റഡ് വിജയിച്ചത്. ഒരു ഘട്ടത്തിൽ മൂന്ന് ഗോളുകളുടെ ലീഡ് യുണൈറ്റഡിന് ഉണ്ടായിരുന്നു.എന്നാൽ പിന്നീട് യുണൈറ്റഡ് മൂന്ന് ഗോളുകൾ വഴങ്ങുകയായിരുന്നു. ഇതോടുകൂടിയാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീങ്ങിയത്.

കോവെൻട്രി നേടിയ ഒരു ഗോൾ റഫറി ഓഫ് സൈഡ് വിധിക്കുകയായിരുന്നു. എന്നാൽ അത് ഓഫ്സൈഡ് അല്ല എന്ന അഭിപ്രായം ഉയരുന്നുണ്ട്. അങ്ങനെയാണെങ്കിൽ ലോവർ ഡിവിഷൻ ക്ലബ്ബിനോട് തോറ്റ് യുണൈറ്റഡ് പുറത്താവേണ്ട ഒരു അവസ്ഥ വരെ ഉണ്ടായിരുന്നേനെ. ഏതായാലും ലിവർപൂൾ ഇതിഹാസമായ കാരഗർ യുണൈറ്റഡിനെ ഇക്കാര്യത്തിൽ വിമർശിച്ചിട്ടുണ്ട്. തോറ്റിരുന്നുവെങ്കിൽ ടെൻ ഹാഗിന്റെ പരിശീലകസ്ഥാനം തെറിക്കുമായിരുന്നുവെന്നും യുണൈറ്റഡിന്റെ ഡ്രസിങ് റൂമിന് സ്വയം നാണക്കേട് തോന്നണം എന്നുമാണ് കാരഗർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“മത്സരം എങ്ങനെയാണ് അവസാനിച്ചത് എന്ന് നമ്മൾ എല്ലാവരും കണ്ടതാണ്. മത്സരത്തിൽ പരാജയപ്പെട്ടിരുന്നുവെങ്കിൽ യുണൈറ്റഡ് പരിശീലകന്റെ ജോലി തന്നെ തെറിച്ചേനേ. എന്തുകൊണ്ടാണ് ടെൻ ഹാഗ് ഇപ്പോഴും പരിശീലകസ്ഥാനത്ത് തന്നെ തുടരുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. യുണൈറ്റഡിന്റെ ഡ്രസിങ് റൂമിന് സ്വയം നാണക്കേട് തോന്നണം. ഒരു വലിയ മത്സരം വിജയിച്ചു കഴിഞ്ഞാൽ അത് എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും. പക്ഷേ ഇത് ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒന്നല്ല ” ഇതാണ് കാരഗർ പറഞ്ഞിട്ടുള്ളത്.

മത്സരത്തിൽ വലിയ പോരാട്ടവീരമാണ് കോവെൻട്രി പുറത്തെടുത്തിട്ടുള്ളത്. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഫൈനൽ ഒരിക്കലും എളുപ്പമാവില്ല. കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെയാണ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നേരിടേണ്ടി വരുന്നത്.മെയ് 25ആം തീയതിയാണ് ഈ കലാശ പോരാട്ടം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *