The Cristiano Ronaldo Mystery : യുണൈറ്റഡിന് പോലും അറിയാത്ത ചില കാര്യങ്ങൾ!
സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ളത് വ്യക്തമായ കാര്യമാണ്.ഇതിനുള്ള അനുവാദം അദ്ദേഹം ക്ലബ്ബിനോട് ചോദിച്ചിട്ടുണ്ട്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇക്കാര്യത്തിൽ ഒരു വ്യക്തമായ തീരുമാനം എടുത്തിട്ടില്ല.
നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീ സീസൺ പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ റൊണാൾഡോ പരിശീലനത്തിന് എത്തിയിട്ടില്ല. ഫാമിലി കാരണങ്ങളാണ് റൊണാൾഡോ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.പക്ഷേ പ്രമുഖ മാധ്യമമായ ഡെയിലി മെയിൽ ഇതിനെ തള്ളിക്കളയുന്നുണ്ട്. മറിച്ച് തന്റെ ഭാവിയെ കുറിച്ച് തീരുമാനമെടുക്കാനാണ് റൊണാൾഡോ മാറി നിൽക്കുന്നത് എന്നാണ് ഇവർ കണ്ടെത്തിയിട്ടുള്ളത്.
അത് മാത്രമല്ല, റൊണാൾഡോയുടെ കാര്യത്തിൽ ചില മിസ്റ്ററികൾ നിലനിൽക്കുന്നുണ്ട് എന്നാണ് പ്രമുഖ സ്പാനിഷ് മാർക്ക വിലയിരുത്തിയിട്ടുള്ളത്.മാഞ്ചസ്റ്റർ യുണൈറ്റഡിന് പോലും അറിയാത്ത ചില കാര്യങ്ങൾ നിലവിലുണ്ട്. അതായത് റൊണാൾഡോ എന്ന് പരിശീലനത്തിന് എത്തുമെന്ന് യുണൈറ്റഡിനറിയില്ല എന്നാണ് ഇവരുടെ കണ്ടെത്തൽ.
— Murshid Ramankulam (@Mohamme71783726) July 6, 2022
തായ്‌ലാൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീ സീസൺ മത്സരങ്ങൾ കളിക്കുന്നുണ്ട്. ഈ മത്സരങ്ങൾക്ക് റൊണാൾഡോ ഉണ്ടാവുമോ എന്നുള്ള കാര്യം പോലും യുണൈറ്റഡിന് അറിയില്ല. റൊണാൾഡോ ഇല്ലെങ്കിൽ അത് സാമ്പത്തിക പരമായി യുണൈറ്റഡിന് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യം കൂടിയാണ്.
അതേസമയം റൊണാൾഡോയെ നിലനിർത്താൻ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് താൽപ്പര്യം. പക്ഷേ ഇക്കാര്യത്തിൽ യുണൈറ്റഡ് ഒരു പിടിവാശിയിലേക്ക് പോവില്ല. യുണൈറ്റഡ് ഇതിഹാസമായ ഗാരി നെവിൽ അതുതന്നെയാണ് നിർദ്ദേശിച്ചിരിക്കുന്നത്. അതായത് റൊണാൾഡോയുടെ ഈ ഒരു പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ നിർദേശം. ഏതായാലും റൊണാൾഡോ തന്റെ ഭാവിയെക്കുറിച്ച് കൂടുതൽ വ്യക്തതകൾ നൽകുമെന്നുള്ള പ്രതീക്ഷയിലാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡുള്ളത്.