മെസ്സിയെ വാങ്ങാൻ ശേഷിയുള്ളവർ ആരൊക്കെ? തുക എത്ര? സാലറി എത്ര? വിശകലനം !

സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങളാണ് ഫുട്ബോൾ ലോകത്തെങ്ങും നിറഞ്ഞു നിൽക്കുന്നത്. ഇതിന് മുമ്പെങ്ങും ഇല്ലാത്ത ശക്തമായ രീതിയിൽ ആണ് ഇപ്പോൾ വാർത്തകൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. മെസ്സി ക്ലബ് വിടാൻ അനുവാദം തേടിയെന്നും ബാഴ്‌സ സമ്മതിച്ചാൽ മെസ്സി ക്ലബ് വിടുമെന്നുള്ള കാര്യം ഏറെക്കുറെ ഉറപ്പായ സാഹചര്യമാണ് നിലവിൽ ഉള്ളത്. ഈയൊരു അവസ്ഥയിൽ മെസ്സി ക്ലബ് വിട്ടാൽ താരത്തെ ടീമിൽ എത്തിക്കാൻ ശേഷിയുള്ളത് മൂന്നു ക്ലബുകൾക്ക് ആണെന്ന് മുമ്പ് മാർക്ക റിപ്പോർട്ട്‌ ചെയ്തിരുന്നു. പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയാണ് താരത്തെ ക്ലബിൽ എത്തിക്കാൻ മുമ്പിൽ ഉള്ളതും ശേഷിയുള്ളതും.ഖത്തർ ഉടമകളാണ് സിറ്റിയുടെ സാമ്പത്തികമായ ശക്തി. കൂടാതെ ഇന്റർമിലാൻ ആണ് മറ്റൊരു ക്ലബ്. ചൈനീസ് ഉടമകളാണ് ഇന്ററിന്റെ പിന്നിൽ ഉള്ളത്. ഇതിന് ശേഷം വരുന്നത് പിഎസ്ജിയാണ്. മെസ്സിയെ ക്ലബിൽ എത്തിക്കാനുള്ള ശേഷി നാസർ അൽ ഖലീഫിക്കും ക്ലബിനും ഉണ്ടെന്ന് മാർക്ക അറിയിച്ചിരുന്നു. കൂടാതെ മെസ്സിക്ക് പിഎസ്ജി പരിശീലകൻ തോമസ് ടുഷേൽ സ്വാഗതമോതുകയും ചെയ്തു.

നിലവിൽ മെസ്സിയുടെ റിലീസ് ക്ലോസ് 700 മില്യൺ യുറോയാണ്. ഈ തുക ഏതെങ്കിലും ക്ലബ് നൽകും എന്നുള്ളത് ഏകദേശം അസാധ്യമായ കാര്യമാണ്. മെസ്സിയുടെ ഫ്രീ ട്രാൻസ്ഫർ ക്ലോസ് നീട്ടി നൽകാൻ പറ്റില്ല എന്ന നിലപാടിലാണ് നിലവിൽ ബാഴ്‌സയുള്ളത്. പക്ഷെ പുതിയ റിപ്പോർട്ടുകൾ പ്രകാരം മെസ്സി ക്ലബ് വിടണം എന്ന് നിർബന്ധം പിടിച്ചാൽ, താരത്തെ കൈമാറേണ്ട തുകയിൽ ബാഴ്‌സ ഒരു തീരുമാനത്തിൽ എത്തിയിട്ടുണ്ട്. ട്രാൻസ്ഫർ ജാലകത്തിലെ വേൾഡ് റെക്കോർഡ് തുകയായ 222 മില്യൺ യുറോയെക്കാൾ അധികം ലഭിക്കണമെന്ന നിലപാടിലാണ് ബാഴ്സ. എഎസ് അടക്കമുള്ളവർ ഇത് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. അതായത് കുറഞ്ഞ തുകക്കൊന്നും മെസ്സിയെ നൽകാൻ ബാഴ്സക്ക് ഉദ്ദേശമില്ലെന്ന് വ്യക്തം. ഇനി പൊന്നുംവില കൊടുത്തു കൊണ്ട് മെസ്സിയെ സ്വന്തമാക്കിയാലും മെസ്സിയുടെ സാലറിയും വലിയ തോതിൽ ഉള്ളതാണ്. കുറച്ചു മാസങ്ങൾക്ക് മുമ്പ് എൽ എക്വിപ്പെ പുറത്തു വിട്ട കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന ഫുട്ബോളർ മെസ്സിയാണ്. അതായത് ഒരു മാസത്തിൽ 8.3 മില്യൺ യുറോയാണ് മെസ്സിക്ക് ഒരു മാസം ബാഴ്സ നൽകുന്നത്. അതായത് ഒരു വർഷം കഴിയുമ്പോൾ 99.6 മില്യൺ യുറോ മെസ്സിക്ക് ബാഴ്സ നൽകുന്നുണ്ട് എന്നർത്ഥം. ഏത് ക്ലബ് മെസ്സിയെ ബാഴ്‌സയിൽ എത്തിച്ചാലും ഇതിന് തുല്യമായതോ ഇതിൽ കൂടുതലോ സാലറി മെസ്സിക്ക് നൽകേണ്ടി വന്നേക്കും. മെസ്സി സാലറി കുറക്കാനുള്ള സാധ്യത കുറവാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *