ESL :യുവേഫക്ക്‌ തിരിച്ചടിയായി കോടതിവിധി, മുന്നോട്ട് പോവാൻ റയലും ബാഴ്സയും യുവന്റസും!

ഈയടുത്ത കാലത്ത് ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നായിരുന്നു യൂറോപ്യൻ സൂപ്പർ ലീഗ് പ്രൊജക്റ്റ്‌. നിലവിൽ യുവന്റസ്, ബാഴ്സ, റയൽ എന്നീ ക്ലബുകൾ മാത്രമാണ് ഈ പ്രൊജക്റ്റിൽ അവശേഷിക്കുന്നത്. ഈ മൂന്ന് ക്ലബുകൾക്കെതിരെയും കൂടാതെ ഫൗണ്ടിങ് മെംബേഴ്സായ ഒൻപത് ക്ലബുകൾക്കെതിരെയും യുവേഫ നടപടികൾ സ്വീകരിച്ചിരുന്നു.എന്നാൽ ഈ വിഷയത്തിൽ യുവേഫക്ക്‌ തിരിച്ചടിയേൽപ്പിക്കുന്ന ഒരു വിധിയാണ് കോടതി ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ളത്. യൂറോപ്യൻ സൂപ്പർ ലീഗ് ക്ലബുകൾക്കെതിരെയുള്ള എല്ലാ ശിക്ഷാനടപടികളും നിർത്തി വെക്കാനും പിൻവലിക്കാനുമാണ് കോടതി യുവേഫയോട് കല്പിച്ചിട്ടുള്ളത്. ഇത്‌ സംബന്ധിച്ച പ്രസ്താവന ഈ മൂന്ന് ക്ലബുകളും പുറത്ത് വിടുകയും ചെയ്തു.

ഇന്നലെയാണ് യുവന്റസും റയലും ബാഴ്സയും ഇത്‌ സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്ത് വിട്ടത്.യുവേഫയുടെ അച്ചടക്കനടപടികളും പിഴയും അത്പോലെ തന്നെ നിയന്ത്രണങ്ങളുമെല്ലാം ഒഴിവാക്കാൻ കോടതി കല്പിച്ചിട്ടുണ്ട്. ഈ കോടതി വിധിയെ സ്വാഗതം ചെയ്തു കൊണ്ടാണ് ഈ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റുകൾ ആരംഭിക്കുന്നത്. കൂടാതെ യൂറോപ്യൻ സൂപ്പർ ലീഗ് പ്രൊജക്റ്റുമായി മുന്നോട്ട് പോവുമെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്.യുവേഫയുടെ ഭീഷണികൾ ഇനി ഇല്ലെന്നും സൂപ്പർ ലീഗ് പ്രൊജക്റ്റിനെ ഡെവലപ്പ് ചെയ്യുക എന്നുള്ളതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവർ കൂട്ടിച്ചേർത്തു.കൂടാതെ യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾക്ക്‌ അനുസൃതമായി സൂപ്പർ ലീഗ് പ്രൊജക്റ്റ്‌ നടപ്പിലാക്കി വിജയിപ്പിക്കാൻ കഴിയുമെന്നും ഇവർ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. ഏതായാലും ഈ കോടതി വിധി യുവേഫക്ക്‌ തിരിച്ചടിയേൽപ്പിക്കുന്ന ഒന്ന് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *