64 യൂറോ,ഹാലന്റിന് ഒരു ദിവസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കും?
മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സൂപ്പർതാരമായ ഏർലിംഗ് ഹാലന്റ് ഈ സീസണിൽ മോശമല്ലാത്ത പ്രകടനം നടത്തുന്നുണ്ട്. പ്രീമിയർ ലീഗിൽ 12 ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ മാഞ്ചസ്റ്റർ സിറ്റി മോശം പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.തുടർച്ചയായി അഞ്ച് തോൽവികൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ ഹാലന്റിനും വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.
എന്നാൽ ഹാലന്റുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതായത് ഹാലന്റിന് ഒരു ദിവസത്തേക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കാം എന്ന ഒരു റിപ്പോർട്ടാണ് ഇവർ പുറത്തുവിട്ടിട്ടുള്ളത്. സ്വിറ്റ്സർലാൻഡിലായിരിക്കും അദ്ദേഹം ഈ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരിക.ഈയിടെ അദ്ദേഹം സ്വിറ്റ്സർലാൻഡ് സന്ദർശിച്ചപ്പോൾ 64 യൂറോ പിഴയായി കൊണ്ട് ചുമത്തപ്പെട്ടിരുന്നു.ആ ഫൈൻ അടക്കാതെ അദ്ദേഹം രാജ്യം വിടുകയായിരുന്നു.
അതുകൊണ്ടുതന്നെ ഇനി സ്വിറ്റ്സർലാൻഡിലേക്ക് മടങ്ങിയെത്തുമ്പോൾ അദ്ദേഹത്തിന് ഒരു ദിവസത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കും എന്നാണ് റിപ്പോർട്ടുകൾ.ആ ഫൈൻ എന്തിന് ലഭിച്ചതാണ് എന്നുള്ളത് വ്യക്തമല്ല. ട്രാഫിക് നിയമലംഘനം നടത്തിയതിനാണ് അത് ലഭിച്ചത് എന്നാണ് ചില മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ളത്. നിശ്ചിത സമയത്ത് പിഴ അടച്ചിട്ടില്ലെങ്കിൽ ഒരു ദിവസം ജയിലിൽ കിടക്കണം എന്നാണ് സ്വിറ്റ്സർലാൻഡിലെ നിയമം.
എന്നാൽ ഇതിന് മറ്റേതെങ്കിലും തരത്തിലുള്ള പരിഹാരമാർഗ്ഗങ്ങൾ ഉണ്ടോ എന്നുള്ളത് വ്യക്തമല്ല. സ്വിറ്റ്സർലാൻഡിലേക്ക് മടങ്ങിയെത്തുമ്പോൾ മാത്രമായിരിക്കും ഇതൊരു പ്രശ്നമായി മാറുക.നിലവിൽ താരത്തിന്റെ പിതാവ് സ്വിറ്റ്സർലാൻഡിലാണ് താമസിക്കുന്നത്. 2023 മുതലാണ് അദ്ദേഹം ഈ രാജ്യത്തേക്ക് താമസം മാറ്റിയത്.