38ആം വയസ്സിലെ അത്ഭുതപ്രതിഭാസം,തിയാഗോ സിൽവയുടെ കാര്യത്തിൽ പുതിയ തീരുമാനവുമായി ചെൽസി!
2020ലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ തിയാഗോ സിൽവ പിഎസ്ജി വിട്ടുകൊണ്ട് ചെൽസിയിൽ എത്തിയത്. താരത്തെ ഫ്രീ ഏജന്റായി കൊണ്ടാണ് പിഎസ്ജി കൈവിട്ടത്. അതിനുശേഷം ചെൽസിയിൽ സ്ഥിരസാന്നിധ്യമാവാൻ ഈ ബ്രസീലിയൻ സൂപ്പർ താരത്തിന് സാധിച്ചിരുന്നു. 38 ആം വയസ്സിലും ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് പ്രീമിയർ ലീഗിൽ സിൽവ പുറത്തെടുക്കുന്നത്.
ചെൽസിക്ക് വേണ്ടി ആകെ 105 മത്സരങ്ങളാണ് സിൽവ ഇതുവരെ കളിച്ചിട്ടുള്ളത്.മൂന്ന് കിരീടങ്ങൾ അദ്ദേഹം ചെൽസിയോടൊപ്പം കരസ്ഥമാക്കുകയും ചെയ്തു. പ്രായം അധികരിച്ചെങ്കിലും പ്രതിഭയ്ക്ക് ഒരു പ്രശ്നവും പറ്റിയിട്ടില്ല എന്നുള്ളതിനാൽ ചെൽസി അദ്ദേഹത്തിന്റെ കരാർ പുതുക്കാനുള്ള ഒരുക്കത്തിലാണ്.ഒരു വർഷത്തേക്ക് കൂടിയായിരിക്കും ചെൽസി സിൽവയുടെ കോൺട്രാക്ട് പുതുക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്.
Chelsea 'set to offer' Thiago Silva contract extension and eye another defender in January #CFC https://t.co/6mjUPjiGaW
— talkSPORT (@talkSPORT) January 25, 2023
അതായത് 39 വയസ്സ് വരെ സിൽവയെ നമുക്ക് പ്രീമിയർ ലീഗിൽ കാണാൻ കഴിയും. 40 വയസ്സുവരെ പ്രീമിയർ ലീഗിൽ കളിക്കണമെന്നാണ് ആഗ്രഹം. ഏതായാലും ചെൽസിയുടെ പുതിയ പരിശീലകനായ ഗ്രഹാം പോട്ടർ സിൽവയുടെ കാര്യത്തിൽ വളരെ സംതൃപ്തനാണ്. എന്നിരുന്നാൽ പോലും പ്രതിരോധനിരയിലേക്ക് ഭാവിയിലേക്ക് കൂടുതൽ യുവ താരങ്ങളെ കൂടി ചെൽസി ഇപ്പോൾ ട്രാൻസ്ഫർ വിൻഡോകളിൽ ലക്ഷ്യം വെക്കുന്നുണ്ട്.
ലിയോണിന്റെ യുവതാരമായ മലോ ഗുസ്തോക്ക് വേണ്ടി ഇപ്പോൾ ചെൽസി ശ്രമങ്ങൾ നടത്തുന്നുണ്ട്. ഏതായാലും ഒരു വർഷം കൂടി സിൽവ ചെൽസിയുടെ നീല ജഴ്സിയിൽ ഉണ്ടാവുമെന്നുള്ള കാര്യം ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ പരിചയസമ്പത്ത് ഇക്കാലയളവിൽ ചെൽസിക്ക് വളരെയധികം ഗുണകരമായിട്ടുണ്ട്. അതേസമയം പിഎസ്ജിയുടെ ഏറ്റവും വലിയ നഷ്ടം കൂടിയാണ് തിയാഗോ സിൽവ.