22 മത്സരങ്ങളിൽ വൈകി, മാഞ്ചസ്റ്റർ സിറ്റിക്ക് പിഴയിട്ട് FA
കഴിഞ്ഞ നാല് സീസണുകളിലും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത് മാഞ്ചസ്റ്റർ സിറ്റിയാണ്.പെപ്പിന് കീഴിലുള്ള മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ ഇംഗ്ലണ്ടിൽ സർവ്വാധിപത്യം പുലർത്തുകയാണ്. കഴിഞ്ഞ സീസണിൽ അവസാനം വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ ആഴ്സണൽ പരാജയം സമ്മതിക്കുകയായിരുന്നു. വരുന്ന പുതിയ സീസണിലും കിരീട ഫേവറേറ്റുകൾ മാഞ്ചസ്റ്റർ സിറ്റി തന്നെയാണ്.
എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് ഫൈൻ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലായി നടത്തിയ നിയമലംഘനത്തിന്റെ പേരിലാണ് രണ്ട് മില്യൺ പൗണ്ട് പിഴയായി കൊണ്ട് ചുമത്തിയിട്ടുള്ളത്.അവസാനത്തെ രണ്ട് സീസണുകളിലായി 22 തവണ മാഞ്ചസ്റ്റർ സിറ്റി സമയം വൈകി എന്നാണ് പ്രീമിയർ ലീഗ് കണ്ടെത്തിയിട്ടുള്ളത്.അതിന്റെ അടിസ്ഥാനത്തിലാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്.
അതായത് മത്സരത്തിന്റെ കിക്കോഫിന് വൈകി ഇറങ്ങുക, അതുപോലെതന്നെ ആദ്യ പകുതിക്ക് ശേഷം മത്സരം റീസ്റ്റാർട്ട് ചെയ്യാൻ വേണ്ടി വൈകി എത്തുക എന്നിങ്ങനെയുള്ള നിയമലംഘനങ്ങളാണ് മാഞ്ചസ്റ്റർ സിറ്റി ചെയ്തിട്ടുള്ളത്. 22 മത്സരങ്ങളിൽ ഇങ്ങനെ സിറ്റിയുടെ ഭാഗത്ത് നിന്ന് സംഭവിച്ചിട്ടുണ്ട്.കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിലും ഇത് സംഭവിച്ചിരുന്നു.വെസ്റ്റ്‌ഹാമിനെതിരെയുള്ള മത്സരത്തിന്റെ സെക്കൻഡ് ഹാഫിന് വേണ്ടി സിറ്റി താരങ്ങൾ എത്തിയത് രണ്ട് മിനിറ്റും 46 സെക്കണ്ടും വൈകിക്കൊണ്ടാണ്.പെപ്പും സംഘവും ഇത് പതിവ് കഥ ആക്കിയതോടുകൂടിയാണ് പ്രീമിയർ ലീഗ് അധികൃതർ പിഴ ചുമത്താൻ തീരുമാനിച്ചത്.
ഇത് ആദ്യമായി അല്ല ഇക്കാര്യത്തിൽ ഫൈൻ ഈടാക്കുന്നത്. 2023 ഓഗസ്റ്റ് മാസത്തിൽ ക്രിസ്റ്റൽ പാലസിനും ഇതുപോലെ വൈകിയതിന്റെ പേരിൽ ഫൈൻ ലഭിച്ചിരുന്നു. 380 പ്രീമിയർ ലീഗ് മത്സരങ്ങളും കൃത്യസമയത്ത് ബ്രോഡ്കാസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള കർശനമായ നടപടികൾ സ്വീകരിക്കുന്നതെന്ന് പ്രീമിയർ ലീഗ് അറിയിച്ചിട്ടുണ്ട്.നിലവിൽ പ്രീ സീസൺ സൗഹൃദ മത്സരങ്ങളിൽ ആണ് മാഞ്ചസ്റ്റർ സിറ്റി ഉള്ളത്.ആദ്യ മത്സരത്തിൽ ബാഴ്സലോണയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ അവർ പരാജയപ്പെട്ടിരുന്നു.