100 മില്യൺ യുറോ,ഹാരി കെയ്നിനെ വിടാതെ വമ്പന്മാർ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബയേണിന്റെ സൂപ്പർ സ്ട്രൈക്കർ ആയ റോബർട്ട് ലെവന്റോസ്ക്കി ക്ലബ്ബ് വിട്ടത്. യഥാർത്ഥത്തിൽ ബയേണിനെ സംബന്ധിച്ചിടത്തോളം അതൊരു തിരിച്ചടി തന്നെയായിരുന്നു. എന്തെന്നാൽ ലെവന്റോസ്ക്കിയുടെ അഭാവത്തിൽ കഴിഞ്ഞ സീസണിൽ വളരെ മോശം പ്രകടനമാണ് ബയേൺ നടത്തിയിട്ടുള്ളത്.അവസാനത്തെ പല മത്സരങ്ങളിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

അതുകൊണ്ടുതന്നെ ഒരു മികച്ച സ്ട്രൈക്കറെ നിലവിൽ ബയേൺ മ്യൂണിക്കിന് ആവശ്യമാണ്.സാഡിയോ മാനെയെ കഴിഞ്ഞ തവണ ക്ലബ്ബ് സ്വന്തമാക്കിയിരുന്നുവെങ്കിലും അദ്ദേഹത്തിന് പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ആ സ്ട്രൈക്കർ പൊസിഷനിലേക്ക് ബയേൺ ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് ടോട്ടൻഹാമിന്റെ ഇംഗ്ലീഷ് സ്ട്രൈക്കർ ആയ ഹാരി കെയ്നിനെയാണ്. അദ്ദേഹത്തിന് വേണ്ടി മൂന്നാമത്തെ ബിഡും ബയേൺ സമർപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

നൂറു മില്യൺ യൂറോ എന്ന ഭീമമായ തുകയാണ് താരത്തിന് വേണ്ടി ഇപ്പോൾ ബയേൺ ഓഫർ ചെയ്തിരിക്കുന്നത്. നേരത്തെ 70 മില്യൺ, 80 മില്യൺ എന്നീ തുകകൾ ബയേൺ ടോട്ടൻഹാമിന് ഓഫർ ചെയ്തിരുന്നു. എന്നാൽ ഇംഗ്ലീഷ് ക്ലബ്ബ് ഇത് നിരസിക്കുകയായിരുന്നു. 100 മില്യൺ പുതുതായി ഓഫർ ചെയ്ത ലെ എക്കുപ്പാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ടോട്ടൻഹാം ഇത് സ്വീകരിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

ക്ലബ്ബുമായി ഒരു വർഷത്തെ കരാർ കൂടിയാണ് കെയ്നിന് അവശേഷിക്കുന്നത്. താരത്തിന് ബയേണിലേക്ക് വരാൻ താല്പര്യമുണ്ട് എന്നുള്ളത് മാത്രമല്ല പരിശീലകനായ തോമസ് ടുഷെലിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്.എങ്ങനെയെങ്കിലും താരത്തെ ടീമിലേക്ക് എത്തിക്കാൻ വേണ്ടിയാണ് ഇത്രയധികം ഓഫറുകൾ ബയേൺ നൽകിയിട്ടുള്ളത്. എന്നാൽ ടോട്ടൻഹാം ചെയർമാനായ ഡാനിയൽ ലെവി അങ്ങനെയൊന്നും വഴങ്ങുന്ന ലക്ഷണമില്ല. മുമ്പ് മാഞ്ചസ്റ്റർ സിറ്റി ഈ താരത്തിനു വേണ്ടി ഒരുപാട് ശ്രമിച്ചിരുന്നുവെങ്കിലും ടോട്ടൻഹാം കൈമാറാൻ തയ്യാറായിരുന്നില്ല. അതുതന്നെ ബയേണിന്റെ കാര്യത്തിൽ സംഭവിച്ചാലും അത്ഭുതപ്പെടാനില്ല.

Leave a Reply

Your email address will not be published. Required fields are marked *