ഹാലന്റ് നാലാം ഡിവിഷൻ താരത്തെപ്പോലെ: പറഞ്ഞതിൽ തന്നെ ഉറച്ച് നിന്ന് റോയ് കീൻ
മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സൂപ്പർ താരമായ ഏർലിങ് ഹാലന്റിന് ഇപ്പോൾ വിമർശനങ്ങൾ ഏറെ ഏൽക്കേണ്ടി വരുന്നുണ്ട്. വലിയ മത്സരങ്ങളിൽ ഗോളടിക്കാനാകുന്നില്ല, അല്ലെങ്കിൽ പ്രധാനപ്പെട്ട മത്സരങ്ങളിൽ ഹാലന്റ് അപ്രത്യക്ഷനാകുന്നു എന്നൊക്കെയാണ് പൊതുവേയുള്ള ആരോപണങ്ങൾ. ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ റയൽ മാഡ്രിഡിനെതിരെയുള്ള മത്സരത്തിൽ ഹാലന്റ് കളിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. ആ മത്സരത്തിനു മുന്നേ തന്നെ യുണൈറ്റഡ് ഇതിഹാസമായ റോയ് കീൻ ഹാലന്റിനെ വിമർശിച്ചിരുന്നു.
ഇംഗ്ലണ്ടിലെ നാലാം ഡിവിഷനിൽ കളിക്കുന്ന താരത്തെ പോലെ എന്നായിരുന്നു കീൻ പറഞ്ഞിരുന്നത്.ഹാലന്റ് ഒരു മികച്ച സ്ട്രൈക്കറാണെന്നും എന്നാൽ അദ്ദേഹത്തിന്റെ പൊതുവായുള്ള പ്രകടനം വളരെ നിലവാരം കുറഞ്ഞതാണ് എന്നുമായിരുന്നു കീൻ പറഞ്ഞിരുന്നത്. ഇക്കാര്യത്തിൽ കീനിനും വിമർശനങ്ങൾ കേൾക്കേണ്ടിവന്നു. എന്നാൽ പറഞ്ഞതിൽ തന്നെ അദ്ദേഹം ഉറച്ച് നിന്നിട്ടുണ്ട്.കീനിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Roy Keane on Haaland performance vs Arsenal: "he's almost like a league 2 player" pic.twitter.com/jJ1Y2RRKf2
— utdshows (@utdshowz) April 1, 2024
“ഹാലന്റിന്റെ ജനറൽ പ്ലേ വളരെ മോശമാണ്.എന്താണ് ഇവിടുത്തെ പ്രശ്നം എന്നത് എനിക്കറിയില്ല. ഞാൻ ഓരോ ആഴ്ചയിലും പ്രശംസിച്ചുകൊണ്ട് സംസാരിക്കാറുണ്ട്.സിറ്റിക്ക് ലഭിച്ചിരിക്കുന്നത് ഒരു കിടിലൻ സ്ട്രൈക്കറെയാണ്. പക്ഷേ ബാക്കിയുള്ള അദ്ദേഹത്തിന്റെ പ്രകടനം അത് നാലാം ഡിവിഷനിലെ താരത്തെ പോലെ തന്നെയാണ്. ആരും എന്നോട് യോജിക്കുന്നില്ല എന്നതിൽ എനിക്ക് സന്തോഷമുണ്ട്. കാരണം ഞാൻ ഇതൊക്കെ പ്രതീക്ഷിച്ചതാണ് ” ഇതാണ് റോയ് കീൻ പറഞ്ഞിട്ടുള്ളത്.
ആഴ്സണലിനെതിരെയുള്ള മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. ആ മത്സരത്തിനു ശേഷമായിരുന്നു കീൻ ഈ വിമർശനം ഉന്നയിച്ചത്. ഇപ്പോൾ താരം ഗോളടിക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.അവസാനത്തെ നാല് മത്സരങ്ങളിൽ ഒരു ഗോൾ മാത്രമാണ് അദ്ദേഹം നേടിയിട്ടുള്ളത്.