ഹാലന്റ് കുതിക്കുന്നു, മെസ്സിയുടെ റെക്കോർഡ് തകർക്കാൻ!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മിന്നുന്ന വിജയം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു സിറ്റി വോൾവ്സിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഏർലിങ് ഹാലന്റിന്റെ ഹാട്രിക്ക് മികവാണ് സിറ്റിക്ക് ഈയൊരു വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ നാല്പതാം മിനിറ്റിൽ ഡി ബ്രൂയിനയുടെ അസിസ്റ്റിൽ നിന്നാണ് ഹാലന്റ് ഗോൾ കണ്ടെത്തിയത്. 50 മിനിട്ടിൽ പെനാൽറ്റിയിലൂടെയും 54ആം മിനുട്ടിൽ മഹ്റസിന്റെ അസിസ്റ്റിൽ നിന്നും ഹാലന്റ് ഗോൾ സ്വന്തമാക്കി. ഇതോടുകൂടി 19 ലീഗ് മത്സരങ്ങളിൽ നിന്ന് 25 ഗോളുകൾ പൂർത്തിയാക്കാൻ ഇപ്പോൾ തന്നെ ഹാലന്റിന് കഴിഞ്ഞിട്ടുണ്ട്. ഇനിയും ലീഗിൽ 18 മത്സരങ്ങൾ കൂടി അവശേഷിക്കുന്നുണ്ട്.
ഹാലന്റിന്റെ ഈ തകർപ്പൻ ഫോം യഥാർത്ഥത്തിൽ ഭീഷണി സൃഷ്ടിക്കുന്നത് ലയണൽ മെസ്സിയുടെ റെക്കോർഡിനാണ്.ഒരു സീസണിൽ ടോപ്പ് ഫൈവ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് മെസ്സിയാണ്. 2011/12 സീസണിൽ ബാഴ്സക്ക് വേണ്ടി ലീഗിൽ 37 മത്സരങ്ങൾ കളിച്ച മെസ്സി 50 ഗോളുകൾ ആണ് നേടിയിരുന്നത്.ഈ ഫോം തുടരുകയാണെങ്കിൽ മെസ്സിയെ റെക്കോർഡ് തകർക്കുക എന്നുള്ളത് ഈ സിറ്റി താരത്തിന് ബുദ്ധിമുട്ടാവില്ല.
After 19 games of the 11/12 La Liga season, Messi had 22 goals…
— MessivsRonaldo.app (@mvsrapp) January 22, 2023
19 മത്സരങ്ങൾ പിന്നിട്ടപ്പോൾ ആ സീസണൽ മെസ്സി 22 ഗോളുകൾ ആയിരുന്നു നേടിയിരുന്നത്. ഇവിടെ ഇപ്പോൾ ഹാലന്റ് 25 ഗോളുകളാണ്. ചുരുക്കത്തിൽ മെസ്സിയുടെ റെക്കോർഡ് പഴങ്കഥയായാലും അത്ഭുതപ്പെടാൻ ഒന്നുമില്ല.