ഹാലന്റിന്റെ കണക്കുകൾ ഭീതിപ്പെടുത്തുന്നത് : പ്രശംസിച്ച് പെപ് ഗ്വാർഡിയോള!

ഇന്നലെ നടന്ന മാഞ്ചസ്റ്റർ ഡെർബി മത്സരത്തിൽ മൂന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു സിറ്റി യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ സിറ്റി സൂപ്പർ താരങ്ങളായ ഏർലിങ്‌ ഹാലന്റ്,ഫിൽ ഫോഡൻ എന്നിവർ സിറ്റിക്ക് വേണ്ടി ഹാട്രിക്ക് നേടുകയായിരുന്നു. ഇതോടെ ഈ സീസണിൽ 17 ഗോളുകൾ പൂർത്തിയാക്കാൻ ഹാലന്റിന് കഴിഞ്ഞു. 14 പ്രീമിയർ ലീഗ് ഗോളുകളാണ് ഹാലന്റ് ഇതിനോടകം തന്നെ നേടിയിട്ടുള്ളത്. മാത്രമല്ല മൂന്ന് പ്രീമിയർ ലീഗ് ഹാട്രിക്കുകൾ താരം ഇപ്പോൾതന്നെ നേടിക്കഴിയുകയും ചെയ്തു.

ഏതായാലും താരത്തിന്റെ ഈ മാസ്മരിക ഫോമിനെ പ്രശംസിച്ചുകൊണ്ട് സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള രംഗത്ത് വന്നിട്ടുണ്ട്. ഹാലെന്റിന്റെ കണക്കുകൾ ഭീതിപ്പെടുത്തുന്നതാണെന്നും അത് അദ്ദേഹത്തിന് വേണ്ടി സ്വയം സംസാരിക്കുന്നു എന്നുമാണ് പെപ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഹാലന്റിന്റെ കണക്കുകൾ അദ്ദേഹത്തിന് വേണ്ടി സ്വയം സംസാരിക്കുന്നവയാണ്. ഇതിന് മുമ്പും ഇത്തരത്തിലുള്ള കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ഞങ്ങളുടെ പരിതസ്ഥിതിയിൽ നിന്നുകൊണ്ട് എപ്പോഴും അദ്ദേഹത്തെ സഹായിക്കാനാണ് ഞങ്ങൾ ശ്രമിക്കാറുള്ളത്. ഹാലന്റ് വളരെയധികം കോമ്പറ്റിറ്റീവും എപ്പോഴും ഗോള്‍ദാഹമുള്ളവനുമാണ്. സത്യം പറഞ്ഞാൽ അദ്ദേഹത്തിന്റെ ഈ കണക്കുകൾ ഭീതിപ്പെടുത്തുന്നതാണ്. ടീമിനകത്ത് വലിയ പരിശ്രമവും ആഗ്രഹവുമുണ്ട്. ആ കാരണങ്ങൾ കൊണ്ടാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞങ്ങൾ വിജയിച്ചു പോരുന്നത് ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

ഏതായാലും ഹാലന്റ് ഗോൾവേട്ടയുടെ കാര്യത്തിൽ അതിവേഗത്തിലാണ് കുതിച്ചുകൊണ്ടിരിക്കുന്നത്.ഇനി ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന അടുത്ത മത്സരത്തിൽ കോപൻഹേഗനാണ് സിറ്റിയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *