ഹാട്രിക്ക് സലാഹ്, ലീഡ്‌സിന്റെ കനത്ത വെല്ലുവിളി അതിജീവിച്ച് ചെമ്പടക്ക് വിജയം !

പ്രീമിയർ ലീഗിന്റെ എല്ലാ വിധ ആവേശവും നിറഞ്ഞു നിന്ന മത്സരത്തിൽ ഗോൾ മഴ പെയ്തു. ഇന്നലെ നടന്ന ലിവർപൂൾ-ലീഡ്‌സ് യുണൈറ്റഡ് മത്സരത്തിലാണ് ഏഴ് ഗോളുകൾ പിറന്ന ത്രില്ലർ മത്സരം ആരാധകർക്ക് കാണാനായത്. ഒടുവിൽ സലാഹിന്റെ ഹാട്രിക് ബലത്തിൽ ലീഡ്‌സ് യുണൈറ്റഡിന്റെ വെല്ലുവിളി ലിവർപൂൾ അതിജീവിക്കുകയായിരുന്നു. അടിയും തിരിച്ചടിയുമായി മത്സരം അവസാനിച്ചപ്പോൾ 4-3 എന്ന സ്കോറിന് ലിവർപൂൾ വിജയം കൊയ്യുകയായിരുന്നു. നിലവിലെ ചാമ്പ്യൻമാരെ വിറപ്പിക്കുന്ന പ്രകടനമാണ് ബിയൽസയുടെ കുട്ടികൾ പുറത്തെടുത്തത് അനുകൂലമായി ലഭിച്ച രണ്ട് പെനാൽറ്റിയും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചത് ലിവർപൂളിന് തുണയായി.

മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ സലാഹ് പെനാൽറ്റിയിലൂടെ ഗോൾ വേട്ട ആരംഭിച്ചിരുന്നു. എന്നാൽ പന്ത്രണ്ടാം മിനുട്ടിൽ ജാക്ക് ഹാരിസൺ ലീഡ്‌സിന് സമനില നേടികൊടുത്തു. ലിവർപൂൾ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്താണ് ഹാരിസൺ ഗോൾ കണ്ടെത്തിയത്. എന്നാൽ ഇരുപതാം മിനിറ്റിൽ റോബർട്ട്‌സണിന്റെ കോർണർ കിക്കിൽ നിന്ന് ഒരു ഹെഡർ ഗോൾ നേടി കൊണ്ട് വാൻ ഡൈക്ക് ലിവർപൂളിന് ലീഡ് തിരിച്ചു പിടിച്ചു കൊടുത്തു. പക്ഷെ പത്ത് മിനിറ്റിനകം വാൻ ഡൈക്കിന്റെ തന്നെ പിഴവിൽ ലിവർപൂൾ ഗോൾ വഴങ്ങി. പാട്രിക് ബാംഫോർഡ് ആയിരുന്നു ഗോൾ സ്കോറെർ. എന്നാൽ മൂന്ന് മിനിറ്റിനകം സലാഹ് വീണ്ടും ഗോൾ നേടി. ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് സലാഹ് ഗോൾ നേടിയത്. ആദ്യ മുപ്പത്തിയഞ്ച് മിനുട്ടിനുള്ളിൽ തന്നെ അഞ്ച് ഗോളുകൾ പിറന്നതോടെ മത്സരം അതിന്റെ ആവേശത്തിന്റെ കൊടുമുടിയിലെത്തി. പിന്നീട് 66-ആം മിനുട്ടിലാണ് ലീഡ്‌സ് സമനില നേടുന്നത്. ഹെൽഡർ കോസ്റ്റയുടെ അസിസ്റ്റിൽ നിന്ന് ക്ലിച് ആണ് ഗോൾ കണ്ടെത്തിയത്. എന്നാൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ലഭിച്ച പെനാൽറ്റി ലിവർപൂളിന് തുണയായി. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു കൊണ്ട് സലാഹ് ഹാട്രിക്കും ലിവർപൂൾ വിജയവും കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *