സ്വന്തം നേട്ടങ്ങളുടെ ഇരയാണ് സലാ : അലക്സാണ്ടർ അർനോൾഡ് പറയുന്നു!

ഈ സീസണിന്റെ തുടക്കത്തിൽ മിന്നു ഫോമിലായിരുന്നു ലിവർപൂളിന്റെ ഈജിപ്ഷൻ സൂപ്പർ താരമായ മുഹമ്മദ് സലാ കളിച്ചിരുന്നത്. എന്നാൽ ഈയിടെ താരത്തിന്റെ ഗോളടി മികവിന് കോട്ടം സംഭവിച്ചിട്ടുണ്ട്. രാജ്യത്തിനും ക്ലബ്ബിനുമായി അവസാനമായി കളിച്ച എട്ടു മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ഗോൾ പോലും നേടാൻ സലാക്ക് കഴിഞ്ഞിട്ടില്ല. അവസാനത്തെ 12 മത്സരങ്ങളിൽ നിന്ന് കേവലം ഒരു ഗോൾ മാത്രമാണ് സലായുടെ സമ്പാദ്യം. അതുകൊണ്ടുതന്നെ താരത്തിന് ഇപ്പോൾ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.

എന്നാൽ ഈ വിമർശകർക്കെതിരെ സലായുടെ സഹതാരമായ അലക്സാണ്ടർ അർനോൾഡ് രംഗത്ത് വന്നിട്ടുണ്ട്.സലായെ വിമർശിക്കുന്നത് ഒട്ടും ന്യായമല്ലാത്ത ഒരു കാര്യമാണ് എന്നാണ് അർനോൾഡ് പറഞ്ഞിട്ടുള്ളത്.സ്വന്തം നേട്ടങ്ങളുടെ ഇരയാണ് സലായെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” സലാക്കെതിരെയുള്ള വിമർശനങ്ങൾ ന്യായമില്ലാത്ത ഒന്നാണ്.അദ്ദേഹം ഉണ്ടാക്കി വെച്ച ഒരു ലെവലുണ്ട്.അതിലേക്കാണ് അദ്ദേഹം എത്തേണ്ടത്. ഒരർത്ഥത്തിൽ സ്വന്തം നേട്ടങ്ങളുടെ ഇരയാണ് സലാ.അദ്ദേഹം ഇപ്പോഴും ടോപ് സ്കോറർ തന്നെയാണ്.അസിസ്റ്റിന്റെ കാര്യത്തിൽ എന്നെക്കാൾ ഒരു അസിസ്റ്റിനു മാത്രം പിറകിലാണ്. എന്നിട്ടും ആളുകൾ എന്തുകൊണ്ടാണ് അദ്ദേഹം ഫോമിലല്ല എന്ന് പറയുന്നത്? ചാമ്പ്യൻസ് ലീഗിലെ ടോപ് ഗോൾ സ്കോററുടെ തൊട്ടരികിലാണ് സലായുള്ളത്. കഴിഞ്ഞ അഞ്ചു സീസണുകളിൽ അദ്ദേഹം ഞങ്ങൾക്ക് വേണ്ടി ചെയ്തത് അസാധാരണമായ കാര്യങ്ങളാണ്. അദ്ദേഹം മോശം സമയത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് പറയുന്നത് തീർത്തും നീതിരഹിതമായ ഒരു കാര്യമാണ്. അദ്ദേഹം ഞങ്ങൾക്ക് വേണ്ടി ഗോളുകൾ നേടുമെന്ന് തന്നെയാണ് ഞങ്ങൾ എല്ലാവരും വിശ്വസിക്കുന്നത്.അത് സമയത്തിന്റെ മാത്രം കാര്യമാണ് ” ഇതാണ് അർനോൾഡ് പറഞ്ഞിട്ടുള്ളത്.

പ്രീമിയർ ലീഗിൽ 20 ഗോളുകൾ നേടിയ സലായാണ് ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം.അതേസമയം 11 അസിസ്റ്റുകളുള്ള സലാ അസിസ്റ്റിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുമാണ്.

Leave a Reply

Your email address will not be published. Required fields are marked *